ഒടിആര്‍: സ്വകാര്യമായി ചാറ്റ് ചെയ്യാം

By | September 12, 2014

നിങ്ങള്‍ ഇന്റര്‍നെറ്റ് വഴി പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സ്വകാര്യമാണോ?

scaled_full_8ffcf1a35b62eb76dc74

ചിത്രം തയ്യാറാക്കിയത്: സുഗീഷ്.

വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് ചാറ്റ്, ഗൂഗിള്‍ ഹാങ്ഔട്ട്സ് വഴി നിങ്ങള്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ അവരുടെ വലിയ കമ്പ്യൂട്ടര്‍ നിലവറകളില്‍ ശേഖരിച്ചു് വയ്ക്കുന്നതു് നിങ്ങള്‍ക്കറിയാമോ?
ഇവരുടെയെല്ലാം നിലനില്‍പ്പ് നിങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പണമാക്കി മാറ്റുന്നതു് വഴിയാണു്. നിങ്ങളുടെ വിവരങ്ങള്‍ ആരെങ്കിലും അടിച്ചുമാറ്റിയെന്നുമിരിക്കാം . (ഈയിടെയാണ് ജെന്നിഫര്‍ ലോറന്‍സ് അടക്കമുള്ള നടിമാരുടെ നഗ്ന ചിത്രങ്ങള്‍ ആപ്പിള്‍ ഐക്ലൗഡില്‍ നിന്ന് ചോര്‍ന്നത്. വാര്‍ത്ത ഇവിടെ.)

പക്ഷേ നിങ്ങള്‍ അടുത്തറിയുന്നവരുമായി സംസാരിക്കാന്‍ ഇങ്ങനെ ഒരു അന്യായ കരാര്‍ നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങളുടെ ഫോട്ടോകള്‍, ഫയലുകള്‍, അല്ലെങ്കില്‍ സന്ദേശങ്ങള്‍ ഓഫ് ദ റെക്കോര്‍ഡ് സംവിധാനം വഴി സ്വകാര്യമായി പങ്കുവെയ്കാം.

നിങ്ങളുടെ സ്വകാര്യസംഭാഷണങ്ങള്‍ വേറാരും ചോര്‍ത്താതെ സംരക്ഷിക്കാനുള്ള  ഒരു സംവിധാനമാണു് ഓഫ് ദ റെക്കോര്‍ഡ് (ഓട്ടിആര്‍ എന്നു് ചുരുക്കം).

നിങ്ങള്‍ക്കു് വിവരങ്ങള്‍ അയയ്ക്കുന്നതു് നിങ്ങള്‍ക്കു് മാത്രം തുറക്കാവുന്നൊരു പൂട്ടിട്ടാണു്. ഇതിന്റെ സാങ്കേതിക വശം ചെറുതായി ഇങ്ങനെ വിവരിക്കാം. നിങ്ങള്‍ ഒരു ഇരട്ടച്ചാവി (key pair) ഉണ്ടാക്കുന്നു, അതിലെ ഒരു ചാവി നിങ്ങളുടെ കയ്യില്‍ വയ്ക്കുന്നു (private key), ഇണച്ചാവി ആര്‍ക്കും കൊടുക്കാം (public key). ഒരു ചാവി കൊണ്ടു് പൂട്ടുന്ന വിവരങ്ങള്‍ അതിന്റെ ഇണച്ചാവി കൊണ്ടു് മാത്രമേ തുറക്കാനാവൂ.

ഒ.ടി.ആറിന്റെ പ്രവര്‍ത്തനം

ഒ.ടി.ആറിന്റെ പ്രവര്‍ത്തനം

നിങ്ങള്‍ കൊടുക്കുന്ന ചാവി ഉപയോഗിച്ച് ആര്‍ക്കും നിങ്ങളുമായി പങ്കിടുന്ന വിവരങ്ങള്‍ പൂട്ടാവുന്നതാണു്. അതിന്റെ ഇണച്ചാവി നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ മാത്രമുള്ളതിനാല്‍ വേറാര്‍ക്കും അതു് തുറക്കാനാവില്ല (ഈ പൂട്ട് പൊളിക്കണമെങ്കില്‍ ഇന്നുള്ള എല്ലാ കമ്പ്യൂട്ടറുകളും ഒരുമിച്ചുപയോഗിച്ചാലും വര്‍ഷങ്ങളെടുക്കും).  ഒളിഞ്ഞു് കേള്‍ക്കുന്നവരോ, സൂക്ഷിച്ച് വയ്ക്കുന്നവരോ, അടിച്ചുമാറ്റുന്നവരോ കാണുന്നതു് മുകളിലെ ചിത്രത്തില്‍ കാണുന്ന പോലെ പൂട്ടിയ പെട്ടി മാത്രമായിരിക്കും (അര്‍ത്ഥമില്ലാത്ത കൂറേ അക്ഷരങ്ങള്‍).

വാട്ട്സ്ആപ്പ്, ഗൂഗിള്‍ ഹാങ്ഔട്ട്സ്, ഫേസ്‌ബുക്ക് ചാറ്റ്, ജാബര്‍ തുടങ്ങിയ നിങ്ങളിപ്പോഴുപയോഗിക്കുന്ന സേവനങ്ങളിലെല്ലാം ഓട്ടിആര്‍ ഉപയോഗിക്കാവുന്നതാണു്. ഇതു് വേറൊരു സേവനമല്ല, നിലവിലെ സേവനങ്ങളെ സുരക്ഷിതമാക്കുന്നൊരു സംവിധാനം മാത്രമാണു്. ഈ സൌകര്യം ഉപയോഗിക്കാന്‍ ഓട്ടിആര്‍ പിന്തുണയുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മാത്രം മതി. ഉദാഹരണത്തിനു് ജിറ്റ്സി, പിഡ്ജിന്‍ അല്ലെങ്കില്‍ ഓട്ടിആര്‍ പിന്തുണയുള്ള മറ്റേതൊരു സോഫ്റ്റ്‌വെയറും ഉപയോഗിച്ച് ഫേസ്‌ബുക്ക് ചാറ്റില്‍ ചേര്‍ന്നാല്‍  ഓട്ടിആര്‍ പിന്തുണയുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കളുമായി സ്വകാര്യ സംഭാഷണം തുടങ്ങാം. ഫേസ്‌ബുക്കിനു് അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍ മാത്രമേ കാണാനാവൂ, നിങ്ങള്‍ എന്താണു് സംസാരിക്കുന്നതെന്നു് മനസ്സിലാക്കാനാവില്ല.

സ്വകാര്യ സംഭാഷണങ്ങള്‍ ഇത്ര എളുപ്പമാണെന്നു് നിങ്ങള്‍ക്കറിയാമായിരുന്നോ? ഇന്നു തന്നെ ഇതു് പരീക്ഷിച്ചു് നോക്കാം, സ്വകാര്യത നിങ്ങളുടെ അവകാശമാണു്. നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ. എന്തെങ്കിലും പ്രയാസം നേരിടുന്നെങ്കില്‍ സഹായം ചോദിക്കാന്‍ മടിക്കേണ്ട. ഓട്ടിആറിനെപ്പറ്റി കൂടുതലറിയാനും നിങ്ങളുടെ ഉപകരണത്തിനു് അനുയോജ്യമായ സോഫ്റ്റ്‌വെയറുകളെക്കുറിച്ചറിയാനും http://otr.works എന്ന വെബ്‌സൈറ്റ് കാണുക. (നിങ്ങള്‍ക്കും അവിടെ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണു്).

4 thoughts on “ഒടിആര്‍: സ്വകാര്യമായി ചാറ്റ് ചെയ്യാം

  1. Anish Sheela

    ഇത് കൊള്ളാല്ലോ… നോക്കട്ടെ.

    Reply
  2. Akshay S Dinesh

    I use the analogy of a self-locking lock. That way people don’t get confused why they can’t open the lock with the key they used to lock it.

    Reply

Leave a Reply

Your email address will not be published. Required fields are marked *