കമ്പ്യൂട്ടറിലെ സ്വാതന്ത്ര്യസമരം

ഋഷികേശ് കെ ബി under രാഷ്ട്രീയം on 2 ഏപ്രിൽ, 2014

മനുഷ്യജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിച്ച കണ്ടു പിടുത്തമായിരുന്നു കമ്പ്യൂട്ടറിന്റേത്. സങ്കീര്‍ണ്ണവും ഒരുപാട് സമയച്ചിലവുള്ളതുമായ നിരവധി കാര്യങ്ങള്‍ ഞൊടിയിടയില്‍ ചെയ്തുതീര്‍ക്കാന്‍ സഹായകമാണെന്നതിനാല്‍ കമ്പ്യൂട്ടര്‍ പ്രചുരപ്രചാരം നേടുകയും മനുഷ്യന്റെ ശാസ്ത്ര, സാങ്കേതിക നേട്ടങ്ങളില്‍ വിസ്മരിക്കാനാവാത്ത പങ്കു വഹിക്കുകയും ചെയ്തു. ഒരു കൂട്ടം ഇലക്ട്രോണിക്‌‌ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണു് കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഇത്തരം ഇലക്ട്രോണിക്‌‌ നിര്‍ദ്ദേശങ്ങളെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എന്നുവിളിക്കുന്നു. കമ്പ്യൂട്ടറിനു മനസിലാവുന്ന ഭാഷയില്‍ ഇത്തരം പ്രോഗ്രാമുകള്‍ എഴുതുന്നവരാണു് കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍മാര്‍. ഒരു പ്രത്യേക പ്രശ്നം പരിഹരിക്കുന്നതിനായി രചിക്കപ്പെട്ട, പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ ഒരുകൂട്ടം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ചേര്‍ന്നതാണ് സോഫ്റ്റ്‌‌വെയര്‍.

ഒരു പ്രശ്നം പരിഹരിക്കുന്നതിനായി കമ്പ്യൂട്ടറിനു നല്കുന്ന ഒരു കൂട്ടം നിര്‍ദ്ദേശങ്ങളാണു് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെന്നു പറഞ്ഞുവല്ലോ. ഇത് രണ്ടു സംഖ്യകളുടെ തുക കണ്ടു പിടിക്കുക എന്നതുപോലെയുള്ള ലളിതമായ പ്രശ്നങ്ങള്‍ മുതല്‍ ഒരു ബഹിരാകാശ റോക്കറ്റിന്റെ ഗതി നിര്‍ണ്ണയിക്കുന്നതുപോലെയുള്ള സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ വരെയാകാം. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ പ്രോഗ്രാമും കമ്പ്യൂട്ടറിനോടു പറയുന്നത് ഒരു പ്രശ്നം എങ്ങിനെ പരിഹരിക്കാമെന്നാണു്. കമ്പ്യൂട്ടറിന്റെ പ്രാരംഭ കാലങ്ങളില്‍ ഇത്തരം പ്രോഗ്രാമുകള്‍ എഴുതിയുരുന്നത് ഈ രംഗത്ത് പഠനം നടത്തുന്നവരായിരുന്നു. ശാസ്ത്ര, സാങ്കേതിക രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും ഇത്തരം പ്രശ്നങ്ങള്‍ക്കുത്തരം കണ്ടെത്താനുമായിരുന്നു ഇവര്‍ ശ്രമിച്ചിരുന്നത് വിജ്ഞാനകുതുകികളും ബുദ്ധിരാക്ഷസന്മാരുമായിരുന്ന ഇത്തരം വ്യക്തികള്‍ ഹാക്കര്‍മാര്‍ എന്നറിയപ്പെട്ടു. ബൗദ്ധിക സംവാദങ്ങളിലേര്‍പ്പെടുന്നതിലും കുഴപ്പം പിടിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ആനന്ദം കണ്ടെത്തിയ ഇവരെ നയിച്ചിരുന്ന ചാലകശക്തി ഓരോ പ്രശ്നവും പരിഹരിക്കുമ്പോള്‍ ലഭിച്ചിരുന്ന ആത്മസംതൃപ്തിയും അത് മറ്റുള്ളവരുമായി പങ്കുവക്കുമ്പോള്‍ കിട്ടുന്ന അംഗീകാരവുമായിരുന്നു. അതിനാല്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്ക് തന്നെ അവ പങ്കു വെക്കപ്പെട്ടു. ഓരോ പ്രശ്നവും പരിഹരിക്കാന്‍ രചിക്കപ്പെട്ട പ്രോഗ്രാമുകള്‍ പിന്നീട് ആവശ്യമുള്ള സ്ഥലങ്ങളില്‍ പുനരുപയോഗം ചെയ്യപ്പെട്ടു.

കമ്പ്യൂട്ടര്‍ അധിഷ്ഠിത വ്യാവസായികവത്കരണം വന്നപ്പോഴാണു് കമ്പ്യൂട്ടര്‍ ജനകീയമാവുന്നത്. തുടര്‍ന്നുണ്ടായത് ചരിത്രമാണു്. കോടിക്കണക്കിനു ബില്യണ്‍ ഡോളറുകളുടെ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്ന അന്താരാഷ്ട്ര വ്യവസായമായി കമ്പ്യൂട്ടര്‍ സോഫ്റ്റ്‌‌വെയര്‍ വ്യവസായം വളര്‍ന്നു. മൈക്രോസോഫ്‌‌റ്റും ആപ്പിളും പോലെയുള്ള ആഗോള ഭീമന്മാര്‍ സൃഷ്ടിക്കപ്പെട്ടു. ഉയര്‍ന്ന ശമ്പളവും മികച്ച ജീവിതശൈലിയും സ്വപ്നം കണ്ട് നിരവധി ആളുകള്‍ ഇത്തരം കമ്പനികളില്‍ ജോലിക്ക് ചേര്‍ന്നു. സിലിക്കണ്‍ വാലി പോലെയുള്ള ഐടി നഗരങ്ങള്‍ ലോകത്തങ്ങോളമിങ്ങോളം മുളച്ചു പൊന്തി. പണം വീണ്ടും വീണ്ടും കുമിഞ്ഞു കൂടി. വമ്പന്മാര്‍ സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയുമുണ്ടായി. ആഗോള കുത്തകകള്‍ തമ്മിലുള്ള കിടമത്സരങ്ങളും നിയമ യുദ്ധങ്ങളും പെരുകി. നാം ഇന്നു കാണുന്ന തരത്തിലുള്ള സോഫ്റ്റ്‌‌വെയര്‍ ലോകം സൃഷ്ടിക്കപ്പെട്ടു.

അറിവ് ശക്തിയാണു്. സ്വാഭാവികമായും ലാഭേച്ഛയോടെ പ്രവര്‍ത്തിച്ചിരുന്ന ഓരോ വ്യക്തിയും, ഓരോ കമ്പനിയും ഈ ശക്തി തനിക്കുമാത്രമാക്കണമെന്ന് ആഗ്രഹിച്ചു. ഇതിനായവര്‍ സോഫ്റ്റ്‌‌വെയര്‍ പേറ്റന്റുകള്‍ നിര്‍മ്മിച്ചു, സ്വന്തമാക്കി. ലൈസന്‍സുകളും സൃഷ്ടിക്കപ്പെട്ടു. ആത്യന്തികമായി ഇവയുടെ ലക്ഷ്യം അറിവിനെ പൂട്ടിയിടലായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥിതിയോടു പൊരുതാന്‍ ചിലര്‍ രംഗത്തു വന്നു.

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. (കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്. അനുമതി: പൊതുസഞ്ചയം)

ഇങ്ങനെയാണു് സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ പ്രസ്ഥാനം ഉടലെടുക്കുന്നത്. 1970കളില്‍ ഹാക്കര്‍ കമ്യൂണിറ്റികളില്‍ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ ആശയങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. 1983 – ല്‍ മസാച്ചുസാറ്റ് സ്കോളറും ഹാക്കറുമായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഗ്നു പ്രൊജക്റ്റ് പ്രഖ്യാപിച്ചതോടെ സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ പ്രസ്ഥാനം ലോകശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി. സര്‍വ്വസ്വതന്ത്രമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിക്കുക എന്നതായിരുന്നു ഗ്നു പ്രൊജക്റ്റിന്റെ ലക്ഷ്യം. തുടര്‍ന്ന് സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ പ്രസ്ഥാനത്തെ പിന്തുണക്കാനായി “സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ , സ്വതന്ത്രസമൂഹം” എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ നേതൃത്വത്തില്‍ 1985 ഒക്ടോബര്‍ 4 നു് ഫ്രീസോഫ്റ്റ്‌‌വെയര്‍ ഫൗണ്ടേഷന്‍ (FSF) എന്ന സംഘടന സ്ഥാപിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതമാവുകയും നിരവധി സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ ലൈസന്‍സുകള്‍ രചിക്കുകയും ചെയ്തുകൊണ്ട് സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി ഫ്രീ സോഫ്റ്റ്‌‌വെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചു.

1989ല്‍ ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് എന്ന സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ ലൈസന്‍സ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ രചിച്ചു. ഗ്നു പ്രൊജക്റ്റിന്റെ ഭാഗമായി രചിക്കപ്പെട്ട പ്രോഗ്രാമുകള്‍ക്കുപയോഗിക്കാനായിരുന്നു ഇത് രചിക്കപ്പെട്ടത്. തുടര്‍ന്ന് 1991ല്‍ ഇതിന്റെ രണ്ടാം പതിപ്പും (GPLv2), 2007 ജൂണ്‍ 29ന് മൂന്നാം പതിപ്പും (GPLv3) പ്രസിദ്ധീകരിക്കപ്പെട്ടു. സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ എന്നാലെന്ത് എന്ന് കൃത്യമായി വിശദീകരിക്കുന്നവയാണു് ഈ ലൈസന്‍സുകള്‍. ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളില്‍ ഏതാണ്ട് 65 ശതമാനത്തോളം GPL ലൈസന്‍സിലുള്ളതാണു്. ഗ്നു ലൈസന്‍സുകള്‍ക്ക് പുറമേ അപ്പാച്ചെ ലൈസന്‍സ്, ആര്‍ട്ടിസ്റ്റിക്‌‌സ് ലൈസന്‍സ്, ബെര്‍ക്കെലി ഡാറ്റാബേസ് ലൈസന്‍സ് എന്നിങ്ങനെ നിരവധി സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ലൈസന്‍സുകളുണ്ട്. ഇവയിലേതെങ്കിലും ലൈസന്‍സിനനുസൃതമായി ഒരു പ്രോഗ്രാം/സോഫ്റ്റ്‌‌വെയര്‍ പ്രസിദ്ധീകരിക്കുമ്പോഴാണു് അത് സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറാവുന്നത്.

എന്താണ് സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍?

ഉപയോക്താവിന്റെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യങ്ങളെ മാനിക്കുന്ന സോഫ്‌‌റ്റ്‌‌വെയറുകളെ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍എന്നു വിളിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ , ഒരു സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കാനും, പകര്‍പ്പെടുക്കാനും, വിതരണം ചെയ്യാനും, അതിനെക്കുറിച്ച് പഠിക്കാനും, മാറ്റങ്ങള്‍ വരുത്താനും മെച്ചപ്പെടുത്താനുമുള്ള സ്വാതന്ത്ര്യങ്ങള്‍ ഉപയോക്താവിനുണ്ടായിരിക്കും. അതായത് വിലയുടെ അടിസ്ഥാനത്തിലല്ല,മറിച്ച് നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സോഫ്റ്റ്‌‌വെയര്‍ സ്വതന്ത്രമാവുന്നത്.

ഫ്രീസോഫ്റ്റ്‌‌വെയര്‍ ഫൗണ്ടേഷന്റെ ഉദാഹരണം ഉദ്ധരിച്ചാല്‍ “free” as in “free speech,” not as in “free beer”.

ഈ സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ആ പ്രോഗ്രാമിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. മറിച്ചാണെങ്കില്‍ . പ്രസ്തുത പ്രോഗ്രാം ഉപയോക്താവിനെയാവും നിയന്ത്രിക്കുക. അതായത് ഉപയോക്താവിനെക്കാള്‍ പ്രോഗ്രാമറായിരിക്കും പ്രോഗ്രാമിനെ നിയന്ത്രിക്കുന്നത്. അങ്ങിനെ ഉപയോക്താവ് പ്രോഗ്രാമറുടെ നിയന്ത്രണത്തിലാവും. അതുകൊണ്ടാണു് സ്വതന്ത്രമല്ലാത്ത (പ്രൊപ്രൈറ്ററി) സോഫ്റ്റ്‌‌വെയര്‍ നീതിയുക്തമല്ലാത്ത അധികാരത്തിന്റെ ഉപകരണങ്ങളാണ് എന്ന് വിലയിരുത്തപ്പെടുന്നത്.

താഴെക്കൊടുത്തിരിക്കുന്ന നാലുതരം സ്വാതന്ത്ര്യങ്ങള്‍ നിര്‍ബന്ധമായും ഉണ്ടെങ്കില്‍ മാത്രമേ ഒരു സോഫ്റ്റ്‌‌വെയര്‍ സ്വതന്ത്രമാണ് എന്നു പറയാന്‍ സാധിക്കുകയുള്ളൂ.

  • ഏതൊരാവശ്യത്തിനും വേണ്ടി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം(സ്വാതന്ത്ര്യം 0).
  • പ്രസ്തുത പ്രോഗ്രാം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാനും, തന്റെ ആവശ്യാനുസൃതം അതില്‍ മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം(സ്വാതന്ത്ര്യം 1). പ്രസ്തുത പ്രോഗ്രാമിന്റെ സോഴ്സ് കോഡ് (കമ്പ്യൂട്ടറിനു മനസിലാവുന്ന ഭാഷയില്‍ രചിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫയല്‍) ലഭ്യമായാല്‍ മാത്രമേ ഈ സ്വാതന്ത്ര്യം പ്രാപ്തമാവുകയുള്ളൂ.
  • പ്രസ്തുത പ്രോഗ്രാം പുനര്‍വിനിമയം നടത്താനുള്ള സ്വാതന്ത്ര്യം. തന്റെ കയ്യിലുള്ള ഒരു പ്രോഗ്രാം അയല്‍ക്കാരനു നല്കി സഹായിക്കാന്‍ കഴിയണം(സ്വാതന്ത്ര്യം 2).
  • പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം പുനര്‍വിനിമയം നടത്താനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3). ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ വരുത്തുന്ന മാറ്റങ്ങളുടെ ഗുണഫലങ്ങള്‍ സമൂഹത്തിനാകെ ലഭ്യമാക്കാനുള്ള അവസരം ഉറപ്പുവരുത്തുന്നു. സോഴ്സ്കോഡ് ലഭ്യമായാല്‍ മാത്രമേ ഈ സ്വാതന്ത്ര്യവും നടപ്പില്‍ വരുത്താന്‍ സാധിക്കുകയുള്ളൂ.

ഈ നാലു സ്വാതന്ത്ര്യങ്ങള്‍ ഉറപ്പു വരുത്തുന്നുവെങ്കില്‍ മാത്രമേ ഒരു സോഫ്റ്റ്‌‌വെയര്‍ സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറാവുകയുള്ളൂ.

സൗജന്യമല്ല, സ്വതന്ത്രം

ജനങ്ങള്‍ക്കിടയില്‍ സര്‍വ്വസാധാരണമായ ഒരു തെറ്റിദ്ധാരണയാണിത്. പണം കൊടുക്കാതെ സൗജന്യമായി ലഭിക്കുന്ന സോഫ്‌‌റ്റ്‌‌വെയറുകളെല്ലാം സ്വതന്ത്ര സോഫ്‌‌റ്റ്‌‌വെയറുകളാണെന്ന് പലരും കരുതാറുണ്ട്. ഇത് ശരിയല്ല. പണം കൊടുക്കാതെ ലഭിക്കുന്ന സോഫ്‌‌റ്റ്‌‌വെയറുകളെല്ലാം സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറുകളാവണമെന്നില്ല. കൂടാതെ പണം കൊടുത്തു വാങ്ങുന്ന സോഫ്‌‌റ്റ്‌‌വെയറുകളില്‍ പലതും സ്വതന്ത്ര സോഫ്‌‌റ്റ്‌‌വെയറുകളായെന്നും വരാം.

വ്യാപാരലക്ഷ്യത്തോടെയല്ലാതെ നിര്‍മ്മിക്കുന്ന സോഫ്‌‌റ്റ്‌‌വെയറുകള്‍ മാത്രമാവണം സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറുകള്‍ എന്നുമില്ല. വ്യാപാരോദ്ദേശ്യത്തോടെ നിര്‍മ്മിക്കപ്പെടുന്ന സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറുകളുമുണ്ട്. സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറുകളിലധിഷ്ഠിതമായി വ്യവസായം നടത്തുന്ന റെഡ് ഹാറ്റ് പോലുള്ള കമ്പനികളുമുണ്ട്. ആത്യന്തികമായി മേല്‍ പറഞ്ഞ നാലു തരം സ്വാതന്ത്ര്യങ്ങള്‍ മാനിക്കുന്നവയാണോ പ്രസ്തുത സോഫ്റ്റ്‌‌വെയര്‍ എന്നതുമാത്രമാണു് ഇത് നിര്‍ണ്ണയിക്കുന്ന ഘടകം. സോഫ്‌‌റ്റ്‌‌വെയറിന്റെ വിലയല്ല.

നമുക്കും കൈകോര്‍ക്കാം

കമ്പ്യൂട്ടറുകളില്ലാത്ത ഒരു നാളിനെക്കുറിച്ച് ഇനി ചിന്തിക്കുക സാധ്യമല്ല. അത്രത്തോളം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി അവ മാറിയിരിക്കുന്നു. നിത്യജീവിതത്തില്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുകയും സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യുന്ന വ്യക്തികള്‍ എന്ന നിലക്ക് സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറുകളെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇനിയും അമാന്തിച്ചുകൂടാ. സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറുകള്‍ ഇന്ന് വളരെയധികം ജനകീയമാണു്. ഫ്രീ സോഫ്റ്റ്‌‌വെയര്‍ ഗ്രൂപ്പുകള്‍ നമ്മുടെ പ്രദേശങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടാവാം. കേരളത്തില്‍ തിരുവനന്തപുരം ഫ്രീസോഫ്റ്റ്‌‌വെയര്‍ യൂസേഴ്സ് ഗ്രൂപ്പ് , ഇന്ത്യന്‍ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് കൊച്ചി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ കൂട്ടായ്മകള്‍ വളരെ സജീവമാണു്. തൃശ്ശൂരും പാലക്കാട്ടും മലപ്പുറത്തും കോഴിക്കോട്ടും ഫ്രീസോഫ്റ്റ്‌‌വെയര്‍ ഗ്രൂപ്പുകളുണ്ട്. സ്വതന്ത്രസോഫ്‌‌റ്റ്‌‌വെയറുകളിലേക്കുള്ള മാറ്റത്തിനിടയില്‍ സംശയനിവാരണത്തിനും അറിവുപങ്കുവെക്കുന്നതിനും ഇത്തരം ഗ്രൂപ്പുകള്‍ വളരെയധികം സഹായിക്കും ഉടനെ തന്നെ ഇത്തരം കൂട്ടായ്മകളുടെ ഭാഗമാവൂ, ഇത്തരത്തിലുള്ള കൂടുതല്‍ കൂട്ടായ്മകള്‍ തുടങ്ങൂ.

ഹൈസ്കൂളിലെ അവസാന ദിവസത്തില്‍ ഓട്ടോഗ്രാഫ് താളില്‍ കൃഷ്ണകുമാര്‍ മാഷ് ഇങ്ങനെയെഴുതിയതോര്‍ക്കുന്നു “അ , അക്ഷരം , അറിവ് , അനന്തമെന്നറിഞ്ഞ് യാത്രതുടരുക” സ്വതന്ത്രമായ അറിവിനായുള്ള ഈ പ്രയാണം നമുക്കൊന്നിച്ച് തുടരാം.