ഇങ്ക്‌സ്കേപ്പിനെ പരിചയപ്പെടാം

ആർക്ക് അർജ്ജുൻ under പരമ്പര on 14 ഏപ്രിൽ, 2014

ജീവിതത്തില്‍ ചിത്രം വരക്കാത്തവരായി ആരും തന്നെ കാണില്ല. ഭാഷയുടെ ആദ്യ രൂപമായ ഗുഹാ ചിത്രങ്ങള്‍ മുതല്‍ ഇന്ന് ഡിജിറ്റല്‍ വരയും കഴിഞ്ഞ് ഇനി എന്ത് എന്ന് നോക്കി നില്‍ക്കുന്നു ചിത്രകല. ചിത്രം വരയ്ക്കാന്‍ രവി വര്‍മ്മയോ പിക്കാസോയോ ഒന്നും ആകേണ്ടതില്ല. വിവരസാങ്കേതികത കുതിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തു നമ്മുക്കും അല്‍പ്പം ഡിജിറ്റല്‍ വര നടത്താം.

എന്താണ് ഡിജിറ്റല്‍ വര?

എന്താണീ ഡിജിറ്റല്‍ വര? കമ്പ്യൂട്ടറോ, മൊബൈലോ, ടാബ്‌ലറ്റോ മറ്റു ഡിജിറ്റല്‍ മാധ്യമങ്ങളോ ഉപയോഗിച്ചു വരക്കുന്നതിനെ ആണ് ഡിജിറ്റല്‍ വര എന്നു പറയുന്നത്. അതു വരയാകാം, ഇന്‍ബില്‍ഡ് രൂപങ്ങള്‍(ചതുരം, വൃത്തം തുടങ്ങിയവ) കൊണ്ടുള്ള ചിത്രമാകാം അങ്ങനെ എന്തുമാവാം. ഈ വര രണ്ടു തരത്തിലുണ്ട് : വെക്ടറും (Vector), റാസ്റ്ററും (Raster). യഥാര്‍ത്ഥത്തില്‍ വരയെ അല്ല, വരച്ച ചിത്രത്തെയാണ് ഇങ്ങനെ തരം തിരിക്കുന്നത്.

വെക്ടറും റാസ്റ്ററും

റാസ്റ്റര്‍ ചിത്രങ്ങള്‍ ഓരോ ചതുരകട്ടകളില്‍ (പിക്സലുകള്‍) എന്താണ് ഉള്ളത് എന്ന് രേഖപ്പെടുത്തി വെയ്ക്കും.ചിത്രം വലുതാക്കുംതോറും(സൂം ചെയ്തോ, റീസൈസ് ചെയ്തോ വലുതാക്കുമ്പോള്‍) പിക്സലുകള്‍ വ്യക്തമാവുകയും ചിത്രം അവ്യക്തമാവുകയും ചെയും. jpeg, png, gif തുടങ്ങിയവയാണ് റാസ്റ്റര്‍ ചിത്രങ്ങളുടെ എക്സ്റ്റെന്‍ഷനുകള്‍.

വെക്ടര്‍ ചിത്രങ്ങളിലെ ഓരോ ബിന്ദുവിനേയും നിര്‍ദേശാങ്കത്തില്‍ (Coordinate system) എന്ന പോലെ പരിഗണിക്കുന്നു.ആയതിനാല്‍ അവ എത്ര വലുതാക്കിയാലും അവ്യക്തമാവുകയില്ല. വെക്ടര്‍ ചിത്രങ്ങള്‍ പൊതുവെ SVG(scalable Vector Graphics) എക്സ് ടെഷനിലാണ് കാണാറുള്ളത്. (ചിത്രങ്ങള്‍ കാണുക.)

റാസ്റ്ററും വെക്റ്ററും - താരതമ്യം

ഇങ്ക്സ്കേപ്പ്

ഇങ്ക്സ്കേപ്പ് ജാലകം ഉബുണ്ടുവില്‍

ഇങ്ക്‌സ്കേപ്പ് ഒരു വെക്ടര്‍ ഗ്രാഫിക്സ് എഡിറ്ററാണ്. അഡോബ് ഇല്ലുസ്ട്രേറ്റര്‍, കോറല്‍ ഡ്രോ തുടങ്ങിയ കുത്തക വെക്ടര്‍ ഗ്രാഫിക്സ് എഡിറ്ററുകള്‍ക്കിടയിലേക്ക് ഒരു സംഘം ഡെവലപ്പര്‍മാര്‍ വികസ്സിപ്പിച്ച് ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം (Gnu GPL) പ്രകാരം 2003 ഡിസംബറിലാണ് ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആദ്യമായി എത്തുന്നത്. എക്സ്.എം.എല്‍, എസ്.വി.ജി, സി.എസ്.എസ്. മാനദണ്ഡങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. ലിനക്സ്, വിന്‍ഡോസ്, മാക് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള ഇങ്ക്‌സ്കേപ്പ് പതിപ്പുകള്‍ ലഭ്യമാണ്. inkscape.org എന്ന സൈറ്റില്‍ നിന്നും ഈ പതിപ്പുകള്‍ യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇങ്ക്സ്കേപ്പ് വിക്കിയില്‍ പഠിക്കാനുള്ള ടൂട്ടോറിയലുകളും ധാരാളം ലഭ്യമാണ്.

ഇങ്ക്സ്കേപ്പ് ലോഗോ

വരയ്ക്കാന്‍ അത്യാവശ്യം വേണ്ടതു മഷിയാണ്(Ink). പിന്നെ വേണ്ടതു ഭാവനയിലോ യാഥാര്‍ത്ഥ്യമോ ആയൊരു ദൃശ്യമാണ്(Scape). ഈ രണ്ടു വാക്കുകളും കൂട്ടി ചേര്‍ത്താണ് ഇങ്ക്‌സ്കേപ്പ് എന്നു പേരിട്ടത്. ഇങ്ക്സ്കേപ്പ് ഒരു വെക്ടര്‍ എഡിറ്ററാണെന്നു പറഞ്ഞല്ലോ, ശരി ആരാണ് ഇങ്ക്സ്കേപ്പ് ഉപയോക്താക്കള്‍ ? അല്ലെങ്കില്‍ ആര്‍ക്കാണ് ഇങ്ക്സ്കേപ്പ് ഉപകരിക്കുക? കമ്പ്യൂട്ടര്‍ അറിയുന്നയാള്‍ ? അല്ല ! വരയ്ക്കാനറിയുന്നയാള്‍ ? അല്ല ! വരക്കാന്‍ താല്‍പര്യമുള്ളയാള്‍ ? അല്ല ! പിന്നെ ? ഡിജിറ്റല്‍ ഗ്രഫിക്സ് ആവശ്യമുള്ള ഏതൊരാള്‍ക്കും ഇങ്ക്സ്കേപ്പ് പ്രയോജനപ്പെടുത്താം. ഇങ്ക്സ്കേപ്പ് എവിടയൊക്കെ പ്രയോജനപെടുത്താം? എവിടെ വേണമെങ്കിലും ഉപയോഗിക്കാമെന്നാണ് അതിന്റെ ഉത്തരം.ഉദാഹരണമായി ചില മേഖലകള്‍ ഇതാ :

  1. ഡിജിറ്റല്‍ ചിത്രംവര

ഇങ്ക്സ്കേപ്പ് ഉപയോഗിച്ച് നിർമ്മിച്ച കാർട്ടൂൺ

2.വെബ്സൈറ്റ് ഡിസൈന്‍

  1. ലോഗോ
  2. അച്ചടി (പോസ്റ്ററുകള്‍, നോട്ടീസ്സുകള്‍,സീ.ഡി ലേബല്‍ തുടങ്ങിയവ)
  3. സങ്കീര്‍ണ്ണമായ ചിത്രങ്ങള്‍ക്ക്
  4. മാപ്പുകള്‍ ഉണ്ടാക്കാന്‍
  5. കാര്‍ട്ടൂണുകള്‍ക്കും ചിത്രകഥകള്‍ക്കും
  6. സ്ലൈഡുകള്‍ക്ക്
  7. ചാര്‍ട്ടുകള്‍

ഇങ്ക്സ്കേപ്പിനു അങ്ങനെ പരിധികളില്ല. ഉപയോക്താവിന്റെ ചിന്തക്കും ഭാവനക്കും അനുസരിച്ച് ഇങ്ങനെ പല മേഖലകളിലും ഉപയോഗിക്കാം.

ഇങ്ക്സ്കേപ്പ് ഉപയോഗിച്ച് നിർമ്മിച്ച സിഡി ലേബൽ

ഇങ്ക്സ്കേപ്പ് ഉപയോഗിച്ച് നിർമ്മിച്ച നോട്ടീസ്

ഉപകാരപ്രദമായ ചില ലിങ്കുകള്‍

  1. ഔദ്യോഗിക വെബ്സൈറ്റ്
  2. പതിവു ചോദ്യങ്ങളും ഉത്തരങ്ങളും
  3. ഔദ്യോഗിക മെയ്ലിംഗ് ലിസ്റ്റുകള്‍
  4. ഫോറം (അനൌദ്യോഗികം)
  5. ഫേസ്ബുക്ക് ഫോറം (അനൌദ്യോഗികം)