വാട്ട്സാപ്പ് കാലത്തു് നമ്മുടെ സ്വകാര്യത തിരിച്ചുപിടിയ്ക്കാന്‍ മെട്രിക്സ്

പ്രവീൺ അരിമ്പ്രത്തൊടിയിൽ on 27 ഡിസംബർ, 2017

ബിഎസ്എല്‍എല്‍ മാത്രം മൊബൈല്‍ സേവനം നല്‍കുകയും ജിയോ, വൊഡാഫോണ്‍, ഐഡിയ തുടങ്ങി മറ്റാര്‍ക്കും ബിസ്എന്‍എല്‍ വരിക്കാരുമായി സംസാരിയ്ക്കാന്‍ സാധിക്കാതിരിയ്ക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ആലോചിയ്ക്കൂ? ജിയോ സൌജന്യ കോളുകള്‍ കൊണ്ടുവന്നെങ്കിലും മറ്റെല്ലാവരും ബിഎസ്എന്‍എല്‍ ഉപയോഗിയ്ക്കുന്നതിനാല്‍ ജിയോയിലേയ്ക്കു് മാറാന്‍ കഴിയാത്ത ഒരു അവസ്ഥ ആലോചിച്ചു് നോക്കൂ? ആ അവസരത്തില്‍ ബിഎസ്എല്‍ ജിയോയോടു് കിട പിടിയ്ക്കുന്ന ഓഫറുകള്‍ നല്‍കാന്‍ നിര്‍ബന്ധിതമാകുമായിരുന്നോ? വാട്ട്സാപ്പിലും അതു് തന്നെയാണു് നടക്കുന്നതു്. ടെലഗ്രാമോ മറ്റേതു് പുതിയ കമ്പനികളോ വാട്ട്സാപ്പിനേക്കാളും നല്ല ഫീച്ചറുകളും സേവനവും നല്‍കിയാലും മറ്റെല്ലാവരും വാട്ട്സാപ്പിലായതിന്റെ കുഴപ്പം. ടെലഗ്രാം ഒരു തരത്തില്‍ ഇടതു്കാലിലെ മന്തു് വലതു് കാലിലേയ്ക്കു് മാറ്റുന്നതു് പോലാണു്. ഇപ്പോള്‍ ടെലഗ്രാമില്‍ വാട്ട്സാപ്പിനേക്കാള്‍ നല്ല ഫീച്ചറുകളുണ്ടാകാം, പക്ഷേ നാളെ ഇതിലും നല്ല വേറൊരു ആപ്പ് വന്നാല്‍ നമ്മള്‍ വാട്ട്സാപ്പില്‍ പെട്ടപോലെ തന്നെ ടെലഗ്രാമിലും പെട്ടു് പോകും. മൊബൈല്‍ സേവനത്തില്‍ പുതിയ കമ്പനികള്‍ക്കു് മെച്ചപ്പെട്ട സേവനം നല്‍കാന്‍ സാധിക്കുന്നതു് അവരെല്ലാം ജിഎസ്എം എന്ന സ്റ്റാന്‍ഡേര്‍ഡ് പിന്തുടരുന്നതുകൊണ്ടാണു്. അതു് പോലെ ചാറ്റ് ചെയ്യാനുള്ള ഒന്നിലധികം സേവനദാതാക്കളുള്ള പുതിയ സ്റ്റാന്‍ഡേര്‍ഡ് ആണു് മെട്രിക്സ്.

https://xkcd.com/1810/

റയോട്ട്:

ചാറ്റ് ചെയ്യാനും ഫയലുകള്‍ കൈമാറാനും ഉപയോഗിയ്ക്കാവുന്ന മെട്രിക്സ് സ്റ്റാന്‍ഡേര്‍ഡിനായി ഒരുക്കിയ ഒരു പുതിയ ആപ്പാണു് റയോട്ട് (ഇതു് കൂടാതെ മെട്രിക്സ് കണ്‍സോള്‍ തുടങ്ങി മറ്റു പല ആപ്പുകളും മെട്രിക്സിനായി ലഭ്യമാണു്).

Riot app screenshot

റയോട്ട് ആപ്പിന്റെ കൂടുതല്‍ ചിത്രങ്ങള്‍

ഇതില്‍ ടെക്സ്റ്റ്, വോയിസ്, വീഡിയോ ചാറ്റ് എന്നിവയ്ക്കുള്ള സംവിധാനമുണ്ടു്. ചിത്രങ്ങള്‍, വീഡിയോ തുടങ്ങി എല്ലാ തരം ഫയലുകളും പങ്കുവെയ്ക്കാവുന്നതാണു്. എത്ര ആളുകളേയും ചേര്‍ത്തു് എത്ര വലിയ ഗ്രൂപ്പും ഉണ്ടാക്കാം. ഈമെയില്‍ പോലെ, മൊബൈല്‍ സിം പോലെ നമുക്കിഷ്ടമുള്ള സേവനദാതാവിനെ തെരഞ്ഞെടുക്കാം. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെര്‍വ്വറുള്ള diasp.in മുതല്‍ യൂകെയിലെ matrix.org അടക്കം നമുക്കിഷ്ടമുള്ള രാജ്യത്തെ സെര്‍വറില്‍, നമുക്കു് വിശ്വാസമുള്ള ആളുകള്‍ നടത്തുന്ന, നമുക്കു് അംഗീകരിക്കാവുന്ന സേവന വ്യവസ്ഥകളുള്ള സേവനദാതാവിനെ നമുക്കു് തെരഞ്ഞെടുക്കാം. കൂടാതെ പൂര്‍ണ്ണ സ്വകാര്യതയ്ക്കായി എന്‍ക്രിപ്ഷന്‍ ഉപയോഗിയ്ക്കാം. നേരിട്ടുള്ള ചാറ്റിലോ, ഗ്രൂപ്പ് ചാറ്റിലോ നമുക്കു് എന്‍ക്രിപ്ഷന്‍ ഉപയോഗിയ്ക്കാം. എന്‍ക്രിപ്റ്റ് ചെയ്തു് കഴിഞ്ഞാല്‍ നമ്മള്‍ സംസാരിക്കുന്ന ആള്‍ക്കുോ, സംസാരിക്കുന്ന ഗ്രൂപ്പിലെ അംഗങ്ങള്‍ക്കോ മാത്രമേ ആ വിവരങ്ങള്‍ മനസ്സിലാക്കാനാകൂ, സേവന ദാതാവിനും കാണാനാവില്ല. റയോട്ട് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ riot.im സന്ദര്‍ശിക്കുക. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ തുടങ്ങി സ്മാര്‍ട്ട് ഫോണിലും, ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് തുടങ്ങി ഡെസ്ക്ക്ടോപ്പിലോ ലാപ്‌ടോപ്പിലോ റയോട്ട് ഇന്‍സ്റ്റോള്‍ ചെയ്യാം. matrix.org ല്‍ പോയാല്‍ റയോട്ടിലുപയോഗിയ്ക്കുന്ന മെട്രിക്സ് എന്ന പ്രോട്ടോകോളിനെക്കിറിച്ചു് കൂടുതലറിയാം.

സ്വകാര്യതയും സ്വതന്ത്ര സോഫ്റ്റ്‌വെയറും

വാട്ട്സാപ്പ് സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാത്തതിനാൽ അവര്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നുണ്ടെന്ന വാദം വേറൊരാള്‍ക്കും ശരിയാണോ എന്നു് ഉറപ്പാക്കാനാവില്ല. ടെലിഗ്രാമിന്റെ ക്ലയന്റ് ആപ്പ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതിനാൽ വാട്ട്സാപ്പിനേക്കാളും നമുക്കതു് വിശ്വസിക്കാം, കാരണം അതിന്റെ സോഴ്സ് കോഡ് ആര്‍ക്കും പരിശോധിക്കാവുന്നതാണു്. പക്ഷേ ‍ടെലഗ്രാം സെര്‍വര്‍ സ്വതന്ത്രമല്ലാത്തതിനാല്‍ വേറാര്‍ക്കും ടെലഗ്രാം സേവനം നല്‍കാനാവില്ല. ആപ്പും സെര്‍വറും സ്വതന്ത്രമായിട്ടുള്ള സിഗ്നല്‍, വയര്‍ തുടങ്ങിയ സേവനങ്ങള്‍ കേന്ദ്രീകൃത മോഡല്‍ ആയതിനാല്‍ മറ്റു് സെര്‍വറിലെ ഉപയോക്താക്കള്‍ക്കു് ഔദ്യോഗിക സെര്‍വറിലെ ഉപയോക്താക്കളുമായി സംസാരിക്കാനാവില്ല. മെട്രിക്സില്‍ ആപ്പുകളും സെര്‍വറും സ്വതന്ത്രവും ആര്‍ക്കും സേവനം തുടങ്ങാവുന്ന ഫെഡറേറ്റഡ് ഡിസൈനുമാണു്.

എഡ്വേര്‍ഡ് സ്നോഡന്‍

എഡ്വേര്‍ഡ് സ്നോഡന്‍ സ്വകാര്യതയ്ക്കു് വേണ്ടി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍ദ്ദേശിയ്ക്കുന്ന വാര്‍ത്ത

അതുകൊണ്ടു് തന്നെ നമുക്കു് ഏറ്റവും സ്വകാര്യതയും സാങ്കേതികവിദ്യയില്‍ സ്വയം പര്യാപ്തതയും (ഇന്ത്യയില്‍ സെര്‍വര്‍ ഹോസ്റ്റ് ചെയ്തിരിയ്ക്കുന്ന diasp.in ഇതിനുദാഹരണം) നല്‍കുന്ന മെട്രിക്സ് പ്രോട്ടോകോളും റയോട്ട് ആപ്പും ഉപയോഗിയ്ക്കാനും പ്രചരിപ്പിയ്ക്കാനും നമ്മളോരോരുത്തരും മുന്‍കൈ എടുക്കണം. കാരണം ഇവിടെ നമ്മുടെ ഡാറ്റ വിറ്റു് കാശാക്കാന്‍ കുത്തക കമ്പനികളില്ല, നമ്മുടെ ഓരോരുത്തരുടേയും താത്പര്യത്തിനു് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവര്‍ മാത്രമാണു്, നിങ്ങള്‍ക്കും അതിലൊരാളാകാം.

റയോട്ട് ഇന്‍സ്റ്റോള്‍ ചെയ്യുന്നതെങ്ങനെ?

റയോട്ട് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ https://riot.im സന്ദര്‍ശിക്കുക. ആന്‍ഡ്രോയ്ഡ്, ഐഓഎസ് എന്നീ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഓഎസ് എന്നീ ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും റയോട്ട് ലഭ്യമാണു്. കൂടാതെ https://riot.im/app വഴി ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ ഉപയോഗിച്ചു് നോക്കാനും പറ്റും.

diasp.in, poddery.com, disroot.org എന്നീ സേവനങ്ങളില്‍ അക്കൌണ്ടുണ്ടാക്കാന്‍ അവരുടെ വെബ്‌സൈറ്റ് വഴി സാധ്യമാണു്. matrix.org ല്‍ റയോട്ട് ആപ്പില്‍ നിന്നും തന്നെ അക്കൌണ്ടുണ്ടാക്കാവുന്നതാണു്. diasp.in, poddery.com, disroot.org അക്കൌണ്ടുള്ളവര്‍ റയോട്ട് ആപ്പില്‍ home server എന്നിടത്തു് matrix.org എന്നതിനു് പകരം diasp.in അല്ലെങ്കില്‍ poddery.com അല്ലെങ്കില്‍ disroot.org എന്നു് കൊടുക്കണം. diasp.in ലും poddery.com ലും മെട്രിക്സിനു് പുറമെ ജാബര്‍, ഡയാസ്പൊറ സേവനങ്ങള്‍ കൂടി ലഭ്യമാണു്, disroot.org ലാവട്ടെ ഈമെയില്‍, ക്ലൌഡ് സ്റ്റോറേജ് (like google drive), ഡോക്യുമെന്റ് ഷെയറിങ്ങ് (like google docs) തുടങ്ങിയവയും ലഭ്യമാണു്.

ഫീച്ചറുകള്‍:

  • വോയ്സ് & വീഡിയോ കോള്‍ : മികച്ച ശബ്ദമികവോടെയുള്ള ഓഡിയോ കോള്‍ വിഡിയോ കോള്‍ സംവിധാനവും റയോട്ട് ഒരുക്കുന്നു.
  • കോണ്‍ഫറന്‍സ് കോള്‍ : ഗ്രൂപ്പിലെ എല്ലാവര്‍ക്കും പരസ്പരം സംസാരിക്കാനുള്ള കോണ്‍ഫറന്‍സ് കോള്‍ സംവിധാനം.
  • വോയ്സ് ആയോ വീഡിയോ ആയോ കോണ്‍ഫറന്‍സ് കോളില്‍ ചേരാവുന്നതാണ്.
  • ബ്രിഡ്ജിംഗ് : IRC, ടെലഗ്രാം, സ്ലാക്ക്, ഗിറ്റർ പോലുള്ള മറ്റ് ചാറ്റിംഗ് സെര്‍വീസുകളിലെ ഗ്രൂപ്പുകളിലേക്ക് ഗ്രൂപ്പിലെ മെസേജുകള്‍ പരസ്പരം കൈമാറാനുള്ള സംവിധാനം.

ബ്രിഡ്ജിങ്ങ്

ടെലിഗ്രാം

റയോട്ടിലെ റൂമുകള്‍ ടെലിഗ്രാമിലെ ഗ്രൂപ്പുകളുമായി കണക്ട് ചെയ്യാനാകും. ഇങ്ങനെ ചെയ്താല്‍ റയോട്ടില്‍ നിന്ന് ടെലിഗ്രാമിലേക്കും ടെലിഗ്രാമില്‍ നിന്ന് തിരിച്ചും മെസേജുകള്‍ കൈമാറ്റം ചെയ്യപ്പെടും. ചുരുക്കിപറഞ്ഞാല്‍ ടെലിഗ്രാം ഇല്ലാത്തവര്‍ക്ക് റയോട്ട് വഴി ടെലിഗ്രാം ഗ്രൂപ്പിലെ ആളുകളുമായും റയോട്ട് ഇല്ലാത്തവര്‍ക്ക് ടെലിഗ്രാം ഗ്രൂപ്പ് വഴി റയോട്ടിലെ ആളുകളുമായും സംഭാഷണം നടത്താനാകും. ഇതെങ്ങനെ സാധ്യമാകുന്നു എന്ന് നോക്കാം.

റയോഗ്രാം

t2bot.io എന്ന സെര്‍വറിലാണ് ടെലിഗ്രാമിലേക്കുള്ള ബ്രിഡ്ജിംഗ് സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ നമുക്കൊരു മെട്രിക്സ് സെര്‍വറുണ്ടെങ്കില്‍ നമുക്കു് ഏതു് സേവനമുമായും ബ്രിഡ്ജ് ചെയ്യാവുന്നതാണു് (അവരുടെ സേവന വ്യവസ്ഥകള്‍ അനുവദിയ്ക്കുമെങ്കില്‍, ചിലപ്പോള്‍ ബ്രിഡ്ജ് കോഡ് നമ്മള്‍ തന്നെ എഴുതേണ്ടി വന്നേയ്ക്കാമെന്നേയുള്ളൂ).

ഇത് കണക്ട് ചെയ്യാനുള്ള രീതി ഇവിടെ വിശദീകരിച്ചിരിക്കുന്നു.

ഐആര്‍സി

മറ്റൊരു മെസേജിംഗ് സംവിധാനമായ ഐആര്‍സിയിലെ (IRC) പ്രധാന സെര്‍വറുകളായ ഫ്രീനോഡ് (FreeNode), ഓഎഫ്‌ടിസി (OFTC) തുടങ്ങിയ സെര്‍വറുകളില്‍ നിന്ന് മട്രിക്സിലേക്ക് matrix.org സെര്‍വര്‍ വഴി ഇന്റഗ്രേഷന്‍ ലഭ്യമാണ്. ഇതു് പോലെ പൈറേറ്റ്ഐആര്‍സിയിലേക്കുള്ള (PirateIRC) ബ്രിഡ്ജ് ഒരുക്കുിയിരിയ്ക്കുന്നതു് diasp.in സെര്‍വറിലാണു്. ‘Manage Integrations’ എന്ന റയോട്ട് ഡെസ്ക്ടോപ്പിലെ ഒപ്ഷന്‍ ഉപയോഗിച്ചു് matrix.org സെര്‍വറില്‍ അക്കൌണ്ടുള്ളവര്‍ക്കു് matrix.org ല്‍ കണക്റ്റ് ചെയ്ത സെര്‍വറുകളിലെ ഐആര്‍സി ചാനലുകളും മട്രിക്സ് ഗ്രൂപ്പുകളും പരസ്പരം കണക്റ്റ് ചെയ്യാവുന്നതാണു്.

ഇത് കണക്ട് ചെയ്യാനുള്ള രീതി ഇവിടെ വിശദീകരിച്ചിരിക്കുന്നു.

Resources