നിങ്ങളുടെ ലിനക്സിനെ അറിയൂ #1

സുബിന്‍ പി. റ്റി on 29 മാർച്ച്, 2019

നിങ്ങളുടെ ലിനക്സിനെ അറിയൂ.

ലിനക്സ് അല്ലെങ്കില്‍ ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റവും ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ആദ്യപടി അതിനുള്ള ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷ്യന്‍ ഉണ്ടാക്കുക എന്നതാണ്. നൂറോ അഞ്ഞൂറോ ജി ബി വലിപ്പമുള്ള ഹാര്‍ഡ് ഡിസ്കുകള്‍ ഉപയോഗിക്കാനും വിവിധ വിവരങ്ങള്‍ നല്ലരീതിയില്‍ അടുക്കി വക്കാനും ഉള്ള സൗകര്യം പരിഗണിച്ച് ചെറിയ ചെറിയ പാര്‍ട്ടീഷ്യനുകള്‍ ആയി വിഭജിച്ച്‌ വയ്ക്കാറുണ്ട്. ഈ പാര്‍ട്ടീഷ്യനുകളില്‍ തന്നെ ഫയലുകളും ഫോള്‍ഡറുകളും സൌകര്യമായി സൂക്ഷിക്കാന്‍ ഫയല്‍ സിസ്റ്റങ്ങള്‍ ഉണ്ടാകും. ഒരു ഫയല്‍ സിസ്റ്റം എന്നത് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയാണ്. ഫാറ്റ്, എന്‍ ടി എഫ് എസ്, ഇ എക്സ് റ്റി, ബി ആര്‍ റ്റി എഫ് എസ് അങ്ങനെ നിരവധി ഫയല്‍ സിസ്റ്റങ്ങള്‍ ഉണ്ട്. ഒരു ഡിസ്ക് അല്ലെങ്കില്‍ ഡിസ്ക് പാര്‍ട്ടീഷ്യന്‍ ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ ഇവയില്‍ ഏതെങ്കിലും ഒരു ഫയല്‍ സിസ്റ്റം ആ ഡിസ്കില്‍ സജ്ജീകരിക്കുകയാണ് ചെയ്യുന്നത്. ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആദ്യമായി ഒരു റൂട്ട് ഫയല്‍ സിസ്റ്റം വേണം. അതില്‍ ഇ എക്സ് റ്റി ടൈപ്പ് ആണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. വിന്‍ഡോസ് എന്‍ ടി എഫ് എസ്സും. ലിനക്സില്‍ എല്ലാം ഫയലുകള്‍ ആണെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഓരോ ഫയലുകള്‍ക്കും ഒരു പെരുണ്ടാകുമല്ലോ, പിന്നെ അതിനെ ഉള്‍ക്കൊള്ളുന്ന ഫോള്‍ഡറും. ഈ ഫോള്‍ഡറിന്റെ പേരടക്കം ഫയലിന്റെ പേര് പറയുന്നതിനെ പാത്ത് എന്ന് പറയും. അതായത് ആ ഫയല്‍ സിസ്റ്റത്തില്‍ ഒരു ഫയലിനെ കണ്ടുപിടിക്കണമെങ്കില്‍ സഞ്ചരിക്കേണ്ട വഴി. ഈ വഴികളുടെ എല്ലാം തുടക്കം / ഇല്‍ ആണ്./ നെ റൂട്ട് എന്ന് പറയാം. അടിവേര്. ഒരു ഫയലിന്റെ പാത്തില്‍ ഉള്ള ഓരോ ഘടകങ്ങളും / കൊണ്ട് വേര്‍തിരിക്കപ്പെട്ടിരിക്കും. ഉദാഹരണത്തിന് റൂട്ട് ഡയരക്ടറിയില്‍ സുബിന്‍ എന്ന ഫോള്‍ഡറില്‍ മലയാളം എന്ന ഒരു ഫയല്‍ ഉണ്ടെന്നു കരുതുക. ആ ഫയലിന്റെ മുഴുവന്‍ പാത്ത് /subin/malayalam എന്നായിരിക്കും. ലിനക്സ് റൂട്ട് ഫയല്‍ സിസ്റ്റത്തില്‍ സജ്ജീകരണത്തിന് ശേഷം കാണുന്ന പ്രധാന ഡയറക്ടറികള്‍ ചുവടെ,

/bin

വിവിധ പ്രോഗ്രാമുകള്‍ ഇതില്‍ ഉണ്ടാകും. ബൈനറി എന്നതിന്റെ ചുരുക്കപ്പേരാണ് ബിന്‍. വിന്‍ഡോസില്‍ C:\WINDOWS\System32 എന്ന ഫോള്‍ഡറിന് സമാനമാണിത്.

/sbin

ഇതിലും വിവിധ പ്രോഗ്രാമുകള്‍ തന്നെ. എന്നാല്‍ ബിന്‍ ഡയറക്ടറിയില്‍ ഉള്ള പ്രോഗ്രാമികളില്‍ നിന്നും വ്യത്യസ്തമായി ഇതിലെ മിക്കവാറും പ്രോഗ്രാമുകള്‍ ഉപയോഗിക്കാന്‍ സാധാരണ ഉപഭോക്താവിന് കഴിയില്ല. റൂട്ട് യൂസര്‍ എന്ന സിസ്റ്റം അഡ്മിനിസ്റ്റ്രെറ്റര്‍ക്ക് ഉള്ളവയാണ് ഇവ. റൂട്ട് യൂസറിന്റെ പാസ് വേര്‍ഡ് അറിയാമെങ്കില്‍ ആര്‍ക്കും ഉപയോഗിക്കാം.

/usr

ഇതില്‍ തീമുകള്‍, ഫോണ്ടുകള്‍, യൂസര്‍ മാനുവലുകള്‍ ഒക്കെ.

/usr/bin

/bin പോലെ തന്നെ. വിന്‍ഡോസില്‍ C:\Program Files എന്ന ഫോള്‍ഡറിന് സമാനമാണിത്.

/usr/sbin

/sbin പോലെ തന്നെ.

/etc

വിവിധ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ ആണ് ഇതില്‍ ഉണ്ടാവുക.

/mnt

ലിനക്സ് വിവിധ ഫയല്‍ സിസ്റ്റങ്ങളെ പിന്തുണക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ നാല് പാര്‍ട്ടീഷ്യനുകള്‍ ഉണ്ടെന്നിരിക്കട്ടെ. വിന്‍ഡോസില്‍ C: D: E: F: എന്നിങ്ങനെ ഇവയെ കാണാം. ലിനക്സില്‍ ഇവ ഉപയോഗിക്കണമെങ്കില്‍ അതിനെ റൂട്ട് ഫയല്‍ സിസ്റ്റത്തിലെ ഏതെങ്കിലും ഒരു ഡയറക്ടറിയുമായി ബന്ധിപ്പിക്കണം. മൗണ്ടിങ്ങ് എന്നാണ് ഇതിന് പറയുന്നത്. ഒരു ഡിസ്ക് അല്ലെങ്കില്‍ ഡിസ്ക് പാര്‍ട്ടീഷ്യനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡയറക്റ്ററിയെ ആ ഡിസ്കിന്റെ മൗണ്ട് പോയിന്റ് എന്ന് വിളിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിധ ഡിസ്കുകളെ /mnt യില്‍ ഉള്ള വിവിധ ഡയറക്റ്ററികളില്‍ മൗണ്ട് ചെയ്യാം.

/media

/mnt പോലെതന്നെ.

/home

കമ്പ്യൂട്ടറിലെ ഓരോ യൂസര്‍ക്കും ഈ ഡയറക്റ്ററിയില്‍ ഒരു ഡയറക്റ്ററി ഉണ്ടാകും. ആ യൂസറിന്റെ ക്രമീകരണങ്ങള്‍, ഫയലുകള്‍ ഒക്കെ ഇതില്‍ കാണും. വിന്‍ഡോസിലെ My Documents പോലെ. ഈ ഡയറക്റ്ററി ചിലപ്പോളൊക്കെ വേറെ ഒരു ഡിസ്ക് പാര്‍ട്ടീഷ്യന്റെ മൗണ്ട് പോയിന്റ് ആയിരിക്കും. ലിനക്സ് ഇന്സ്റ്റാള്‍ ചെയ്യുന്ന സമയത്ത് റൂട്ട് ഫയല്‍ സിസ്റ്റം ക്രമീകരിക്കാന്‍ ഒരു പ്രത്യേക പാര്‍ട്ടീഷ്യന്‍ നിര്‍ബന്ധമാണല്ലോ. അതുപോലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വേറെ ഒരു പാര്‍ട്ടീഷ്യന്‍ ഉണ്ടെങ്കില്‍ അതിനെ /home ഇല്‍ മൗണ്ട് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിന് പല മെച്ചങ്ങളും ഉണ്ട്. ഉബുണ്ടു പോലെയുള്ള ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ കൂടെക്കൂടെ പുതിയ പതിപ്പുകള്‍ ഇറക്കാറുണ്ട്.പുതിയ പതിപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പഴയതില്‍ ഉണ്ടായിരുന്ന വിവരങ്ങള്‍ മിക്കവാറും നഷ്ടമാകും. ഡെസ്ക്ടോപ്പില്‍ സൂക്ഷിച്ച ഫയലുകള്‍, ക്രമീകരണങ്ങള്‍, വെബ് ബ്രൗസറിലെ ബുക്ക് മാര്‍ക്കുകള്‍ ഒക്കെ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കായി വേറെ പാര്‍ട്ടീഷ്യന്‍ ഉണ്ടെങ്കില്‍ ഇതിനെ ഫോര്‍മാറ്റ് ചെയ്യാതെ റൂട്ട് ഫയല്‍ സിസ്റ്റം മാത്രം ഫോര്‍മാറ്റ് ചെയ്ത് പുതിയ പതിപ്പുകള്‍ സജ്ജീകരിക്കാം. അപ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതെ ഇരിക്കും.

/var

ഇത് ഏകദേശം /etc പോലെ തന്നെ.

/boot

കെര്‍ണല്‍, ബൂട്ട് ലോഡര്‍ തുടങ്ങിയവ ഇതില്‍ കാണും. /boot/vmlinuz ആണ് ലിനക്സ് കെര്‍ണല്‍. ബൂട്ട് ലോഡറുകളെ പറ്റി വഴിയെ. മേല്‍പ്പറഞ്ഞ ഡയറക്റ്ററികളിലെ വിവരങ്ങള്‍ ഡിസ്കില്‍ സൂക്ഷിക്കപ്പെട്ടവയും കമ്പ്യൂട്ടര്‍ ഓഫ് ചെയ്താലും നഷ്ടപ്പെടാത്തവയും ആണ്. ഇനി വരുന്നവ ലിനക്സ് ഉപയോഗിക്കുന്ന യതാര്‍ഥങ്ങള്‍ അല്ലാത്ത (സ്യൂഡോ) ഫയല്‍ സിസ്റ്റങ്ങളുടെ മൗണ്ട് പോയിന്റുകള്‍ ആണ്. ഈ ഡയറക്റ്ററികളിലെ വിവരങ്ങള്‍ ഓരോ തവണ കംപ്യൂട്ടര്‍ ഓഫ് ചെയ്യുമ്പോളും ഇല്ലാതാകും. ഇതിലെ ഫയലുകളില്‍ ഉള്ള വിവരങ്ങള്‍ എവിടേയും രേഖപ്പെടുത്തിയവ അല്ല, ഓരോ തവണ ആ ഫയലുകള്‍ വായിക്കുമ്പോളും താല്‍ക്കാലികമായി ഉണ്ടാക്കപ്പെടുന്നവയാണ്.

/tmp

പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താല്‍ക്കാലിക വിവരങ്ങള്‍ സൂക്ഷിക്കാന്‍.

/dev

ലിനക്സ്/യൂണിക്സ് സിസ്റ്റങ്ങള്‍ എല്ലാത്തിനെയും ഫയലുകള്‍ ആയിട്ടാണ് പരിഗണിക്കുക എന്ന് ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. കംപ്യൂട്ടറുമായി ഘടിപ്പിച്ചിരിക്കുന്ന ഓരോ ഉപകരണങ്ങള്‍ക്കും ആയുള്ള ഫയലുകള്‍ ആണ് ഇതില്‍ ഉണ്ടാകുക.

/proc

ലിനക്സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രോഗ്രാമുകളെയും സമ്ബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍, പ്രോസസറിനെയും മെമ്മറിയെയും കുറിച്ചുള്ള വിവരങ്ങള്‍ ഒക്കെ.

/sys

/dev പോലെ തന്നെ. ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്.

ഈ ലേഖനം ശ്രീ സുബിന്‍ പി. റ്റി അദ്ദേഹത്തിന്റെ ബ്ലോഗില്‍ ക്രിയേറ്റീവ് കോമണ്‍സ് സിസി-ബൈ-എസ്.എ 3.0 ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിച്ചതാണ്.