ലിനക്സ് ഫയല്‍ സിസ്റ്റങ്ങള്‍ #1
on 29 മാർച്ച്, 2019ഹാര്‍ഡ് ഡിസ്കിലെ എംബിആര്‍, ഇബിആര്‍ എന്നിവയെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞു. ഈ പോസ്റ്റില്‍ ഒരു പാര്‍ട്ടീഷ്യനിലെ ഫയല്‍ സിസ്റ്റത്തെക്കുറിച്ചും ഫയല്‍ സിസ്റ്റത്തെക്കുറിച്ചുള്ള പൊതുവായ ചില വിവരങ്ങളും പങ്കുവയ്ക്കുന്നു. ആദ്യം ചില നിര്‍വചനങ്ങള്‍,
- ഫയല്‍ - വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കാനുള്ള സ്ഥലം അല്ലെങ്കില്‍ ഒരു ഡിസ്കില്‍ ശേഖരികപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെട്ട ഡിസ്കിലെ ഭാഗം.
- ഡയറക്ടറി - ഫയലുകളുടെ ഒരു കൂട്ടത്തെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഒരു പ്രത്യേകതരം ഫയല്‍. ഡയറക്ടറികള്‍ രണ്ടുതരത്തില്‍ ഉണ്ടാവാം.
- റൂട്ട് ഡയറക്ടറി - ഒരു ലിനക്സ് സിസ്റ്റത്തില്‍ ഒരു റൂട്ട് ഡയറക്ടറി മാത്രമേ ഉണ്ടാകുകയുള്ളു. ഇതിനെ / എന്ന ചിഹ്നം ഇതിനെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഒരു പാര്‍ട്ടീഷ്യന്റെ മൗണ്ട് പോയിന്റിനെ ആ പാര്‍ട്ടീഷ്യന്റെ റൂട്ട് എന്ന് വിളിക്കാവുന്നതാണ്. ഈ രീതിയില്‍ റൂട്ട് ഡയറക്ടറിക്ക് ഒരു പാര്‍ട്ടീഷ്യനിലെ എല്ലാ ഡയറക്ടറികളെയും ഫയലുകളെയും ഉള്‍ക്കൊള്ളുന്ന ഒരു വലിയ ഡയറക്ടറി എന്ന നിര്‍വ്വചനവും കൊടുക്കാം.പരാമര്‍ശിക്കപ്പെടുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ചേരുന്ന നിര്‍വ്വചനം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന് വിന്‍ഡോസില്‍ സി ഡ്രൈവ് തുറന്നു എന്നിരിക്കട്ടെ. അപ്പോള്‍ നിങ്ങള്‍ കാണുന്ന ഡയറക്ടറിയെ സി ഡ്രൈവിന്റെ റൂട്ട് എന്ന് വിളിക്കാം. അതിനുള്ളില്‍ മറ്റ് ഫയലുകളും ഡയറക്ടറികളും കാണാന്‍ സാധിക്കും. ആ ഡ്രൈവിലെ ഏത് ഫയല്‍ കാണണമെങ്കിലും ഈ റൂട്ടിലൂടെ തന്നെ പോകണം.
- സബ് ഡയറക്ടറി - ഒരു റൂട്ട് ഡയറക്ടറിയില്‍ ഉള്ള ഏത് ഡയറക്ടറിയും റൂട്ട് ഡയറക്ടറിയുടെ സബ് ഡയറക്ടറി ആണ്. അതുപോലെ ക എന്ന ഡയറക്ടറിയില്‍ ഉള്ള എല്ലാ ഡയറക്ടറികളും ക യുടെ സബ് ഡയറക്ടറി ആണ്. ക യെ അതിലുള്ള എല്ലാ ഡയറക്ടറികളുടെയും പേരന്റ് ഡയറക്ടറി എന്ന് വിളിക്കാം.
ഒരു പാര്‍ട്ടീഷ്യന്റെ ആരംഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റവും ബയോസും ബൂട്ട് ലോഡറുകളും ഒക്കെ കണ്ടുപിടിക്കുന്നത് എംബിആറില്‍
നിന്നോ ഇബിആറില്‍
നിന്നോ ആണ്. ഒരു പാര്‍ട്ടീഷ്യന്‍ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ആ ഓപ്പറേറ്റിങ്ങ് സിസ്റ്റം പിന്തുണക്കുന്ന ഏതെങ്കിലും ഒരു ഫയല്‍ സിസ്റ്റം ആ പാര്‍ട്ടീഷ്യനില്‍ സജ്ജീകരിച്ചിരിക്കണം. വിന്‍ഡോസും ലിനക്സും സജ്ജീകരിക്കപ്പെട്ടിരിക്കുന്ന സിസ്റ്റങ്ങളില്‍ ലിനക്സ് സജ്ജീകരിക്കപ്പെട്ട പാര്‍ട്ടീഷ്യനുകള്‍ വിന്‍ഡോസില്‍ കാണാന്‍ സാധിക്കുകയില്ലല്ലോ. വിന്‍ഡോസിലെ ഡിസ്ക് മാനേജ്മെന്റ് ടൂള്‍ വഴി ആ പാര്‍ട്ടീഷ്യനെ കാണാന്‍ സാധിക്കും. അറിയപ്പെടാത്ത ഫയല്‍ സിസ്റ്റം എന്ന് രേഖപ്പെടുത്തിയ നിലയില്‍. എന്നാല്‍ ഇഎക്സ് റ്റി ഫയല്‍ സിസ്റ്റം ഡ്രൈവറുകള്‍ സജ്ജീകരിച്ചാല്‍ ഈ പാര്‍ട്ടീഷ്യനുകളെ വിന്‍ഡോസിലും ഉപയോഗിക്കാന്‍ സാധിക്കും.
ഒരു ഫയല്‍ സിസ്റ്റത്തില്‍ രണ്ടുതരത്തില്‍ ഉള്ള വിവരങ്ങള്‍ ഉണ്ടാകും. ആദ്യത്തേത് ആ ഫയല്‍ സിസ്റ്റത്തിന്റെ വലിപ്പം, ഘടന, അതില്‍ ശേഖരിക്കപ്പെട്ട ഫയലുകളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മെറ്റാഡാറ്റ ആണ്. രണ്ടാമതായി ഉപഭോക്താവ് അതില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങളും. ലിനക്സ്/യൂണിക്സ് സിസ്റ്റങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന ഫയല്‍സിസ്റ്റങ്ങളില്‍ എല്ലാം ഒരു സൂപ്പര്‍ബ്ലോക്ക് ഉണ്ടായിരിക്കും. ഇത് ആ ഫയല്‍സിസ്റ്റം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടീഷ്യനിലെ ആദ്യത്തെ ബ്ലോക്ക് ആണ്. മെറ്റാഡാറ്റയില്‍ ഉള്‍ക്കൊള്ളൂന്ന വിവരങ്ങളെ പരാമര്‍ശിക്കുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ചില സാങ്കേതിക പദങ്ങളെ പരിചയപ്പെടാം.
സൂപ്പര്‍ബ്ലോക്ക്
- ഒരു ഡിസ്ക് പാര്‍ട്ടീഷ്യന്‍ ഉള്‍ക്കൊള്ളുന്ന ഫയല്‍ സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഫയല്‍ സിസ്റ്റം ടൈപ്പ്, പാര്‍ട്ടീഷ്യന്റെ വലിപ്പം, പാര്‍ട്ടീഷ്യനില്‍ ബാക്കിയുള്ള സ്ഥലത്തിന്റെ വലിപ്പ (ഫ്രീ സ്പേസ്), ഫയലുകള്‍ ശേഖരിക്കാവുന്ന, ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത ബ്ലോക്കുകളുടെ എണ്ണം, ആ ബ്ലോക്കുകളുടെ പട്ടിക സൂക്ഷിച്ചിരിക്കുന്ന സ്ഥലം, ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത ഐനോഡൂകളുടെ പട്ടിക എന്നിവയൊക്കെ സൂപ്പര്‍ബ്ലോക്കില്‍ ഉണ്ടായിരിക്കും.ഐനോഡ്
- ലിനക്സ്/യൂണിക്സ് ഫയല്‍ സിസ്റ്റങ്ങളില്‍ എല്ലാ ഫയലുകള്‍ക്കും ഡയറക്റ്ററികള്‍ക്കും ഒരു ഐനോഡ് ഉണ്ടാകും. ഈ പേര് വന്നതിന്റെ ശരിയായ കാരണം ആര്‍ക്കും വലിയ പിടിയില്ല.ഇന്‍ഡക്സ് നോഡ്
ലോപിച്ചതാണെന്ന് ഡെന്നിസ് റിച്ചി ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരു ഫയലിന്റെ വലിപ്പം, പേര്, അത് തുറക്കാനും വായിക്കാനും മാറ്റങ്ങള്‍ വരുത്താനും ആര്‍ക്കൊക്കെ അനുവാദമുണ്ട്, അത് എന്ത് തരം ഫയലാണ്, ആ ഫയലിലെ വിവരങ്ങള്‍ ഡിസ്കില്‍ എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ഐനോഡില്‍ ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ആ ഫയല്‍ കണ്ടെത്താനുള്ള എല്ലാ വിവരങ്ങളും.
ഒരു ഫയല്‍സിസ്റ്റം സജ്ജീകരിക്കാന്‍ ഡിസ്കിലെ അല്പം സ്ഥലം ആവശ്യമാണ്. മേല്‍പ്പറഞ്ഞ പട്ടികകള്‍ സജ്ജീകരിക്കുകയാണ് ഇതിന്റെ ആദ്യപടി. ഡിസ്കിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് ഈ പട്ടികകളുടെ വലിപ്പവും കൂടുന്നു. പുതിയതായി ഫോര്‍മാറ്റ് ചെയ്ത ഒരു ഡിസ്കില്‍ ഒരു ഫയല്‍ പോലും ഇല്ലെങ്കിലും അല്‍പ്പം സ്ഥലം ഉപയോഗിക്കപ്പെട്ടിരിക്കുന്നതായി കാണാന്‍ സാധിക്കും. ഓരോ ഫയല്‍ സിസ്റ്റങ്ങളും ഈ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പട്ടികയിലെ ഓരോ ഘടകങ്ങള്‍ക്കുമായി നീക്കി വച്ചിരിക്കുന്ന ബൈറ്റുകളുടെ എണ്ണം വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ വ്യത്യസ്ത ഫയല്‍ സിസ്റ്റങ്ങളില്‍ ഒരു ഫയലിന്റെ പേരില്‍ ഉണ്ടാകാവുന്ന പരമാവധി അക്ഷരങ്ങളുടെ എണ്ണം, ഒരൊറ്റ ഫയലിന് അനുവദനീയമായ പരമാവധി വലുപ്പം, ആ ഫയല്‍ സിസ്റ്റം സജ്ജീകരിക്കാവുന്ന ഡിസ്ക്/പാര്‍ട്ടീഷ്യന്‍ ഉണ്ടാകാവുന്ന പരമാവധി വലിപ്പം ഇവയൊക്കെ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് സാധാരണ നമ്മുടെ പെന്‍ഡ്രൈവുകളിലും മെമ്മറി കാര്‍ഡൂകളിലും ഒക്കെ ഉണ്ടാകാറുള്ള FAT32
ഫയല്‍ സിസ്റ്റത്തില്‍ ഒരു ഫയലിന്റെ പരമാവധി വലിപ്പം 4,294,967,295
ബൈറ്റുകള്‍ ആണ്. ഇതിനെക്കാള്‍ വലിപ്പമുള്ള ഫയലുകള്‍ അതിലേക്ക് കോപ്പി ചെയ്യാനാവില്ല. അതുപോലെ ഫയലിന്റെ പേരില്‍ ഉണ്ടാകാവുന്ന പരമാവധി അക്ഷരങ്ങളുടെ എണ്ണം 255 ആണ്.
സൂപ്പര്‍ബ്ലോക്ക്
എന്ന പദം യൂണിക്സ് അധിഷ്ഠിത സിസ്റ്റങ്ങളില്‍ ആണ് ഉപയോഗിക്കുന്നത്. സൂപ്പര്‍ബ്ലോക്കില്‍ ഉള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗത്തെ വിന്‍ഡോസിലുംമറ്റും പലഭാഗങ്ങളായീ തിരിച്ച് പലപേരുകള്‍ വിളിക്കാറുണ്ട്.
ഡിസ്കില്‍ ഒരു ഫയല്‍ സൃഷ്ടിക്കപ്പെടുന്നത്, നീക്കം ചെയ്യപ്പെടുന്നത് ഒക്കെ എങ്ങനെയെന്ന് അടുത്തഭാഗത്തില്‍.