ക്രൗഡ്ഫണ്ടിങ്ങ് - എന്ത്? എങ്ങനെ?
under പലവക on 2 ഏപ്രിൽ, 2014ക്രൗഡ് ഫണ്ടിങ്ങ് എന്നതു് സംരംഭകർക്ക് പ്രാഥമിക മൂലധനം സ്വരൂപിക്കാനുള്ള ഒരു പുത്തൻ വഴിയാണു്. സാധാരണ രീതിയായ, ഒരാൾ ഒറ്റക്ക് സ്വന്തം സംരംഭത്തിനുള്ള സ്വത്തു സമ്പാദിക്കുന്നതിനു് ബദലായി, ഒരു ഉൽപന്നം, അല്ലെങ്കിൽ സേവനം വാഗ്ദാനം ചെയ്തുകൊണ്ട്, ഒരു കൂട്ടം ആളുകളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിനെയാണു് ക്രൗഡ്ഫണ്ടിങ്ങ് എന്നു് പറയുന്നതു്.
നടപടിക്രമം
ക്രൗഡ്ഫണ്ടിങ്ങിന്റെ സാധാരണ പ്രക്രിയാ നടപടി താഴെ പറയും വിധമാണ്
- ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക. ക്രൗഡ്ഫണ്ടിങ്ങ് സംരംഭകർക്ക്, അവരുടെ ഉൽപന്നത്തിനെ സമൂഹത്തിനു് മനസ്സിലാക്കി കൊടുക്കാനും, ക്രൗഡ്ഫണ്ടിങ്ങ് വഴിയുള്ള മൂലധനസമാഹരണം ലളിതമായി പൂർത്തിയാക്കാനും സഹായിക്കുന്ന അനവധി വെബ്സൈറ്റുകൾ ഉണ്ട്. കിക്ക്സ്റ്റാർട്ടർ, ഇൻഡീഗോഗോ എന്നിവ ചില ഉദാഹരണങ്ങൾ. ഇതിൽ ഏതിലെങ്കിലും ഒരു അക്കൗണ്ട് തുടങ്ങുകയാണു് ആദ്യപടി.
- ഒരു പുതിയ കാമ്പയിൻ തുടങ്ങുക. ഇതിനായി, ആവശ്യമുള്ള തുക, അതു് നിക്ഷേപിക്കാൻ ഒരു ബാങ്ക്/ഓൺലൈൻ (പേപാല്‍ പോലെ ഏതെങ്കിലും) അക്കൗണ്ട് എന്നിവ ആവശ്യമാണു്. കാമ്പയിനിനു് എത്ര സമയം കൊടുക്കാം എന്നതും നേരത്തേ തീരുമാനിക്കണം.
- എന്താണു് നമ്മുടെ ഉൽപന്നം/സേവനം, എന്താണു് ഈ സംരംഭത്തിന്റെ പ്രയോജനം, ആവശ്യകത, നിലവിലുള്ളവയിൽ നിന്നും എന്തൊക്കെയാണു് മേന്മകൾ, പൂർത്തിയാക്കാൻ എത്ര സമയം വേണം, നിക്ഷേപകർക്ക് എന്തൊക്കെ മേന്മകളാണു് കിട്ടുക എന്നൊക്കെ വിശദമായി പറയുക.
- പ്രചരണത്തിനു് സഹായിക്കാൻ എന്തെങ്കിലും ചലച്ചിത്രങ്ങളോ, ചിത്രങ്ങളോ ഉണ്ടെങ്കിൽ അവ ചേർക്കുക.
- ഇനിയുള്ളത് ഇങ്ങനെ ഒരു കാമ്പെയിൻ നടക്കുന്നുണ്ടെന്ന് പൊതുജനത്തേയും വിപണിയേയും അറിയിക്കുക എന്നതാണു്. അതിനായി സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകൾ, ഈമെയിൽ, പരസ്യം ഇങ്ങനെ എന്തും ഉപയോഗിക്കാം.
- നമ്മൾ നിശ്ചയിച്ച ദിവസം കഴിയുമ്പോൾ, അതുവരെ സ്വരൂപിച്ച തുക നമ്മൾ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് മാറ്റുന്നതായിരിക്കും. (ഇതു് ചില നിബന്ധനകൾക്ക് വിധേയമാണു്. ഓരോ പ്ലാറ്റ്ഫോം അനുസരിച്ച് നിബന്ധനകൾ മാറിക്കൊണ്ടിരിക്കും)
ഗുണങ്ങള്‍
ഈ രീതിയുടെ പ്രധാന മേന്മകൾ പത്തെണ്ണമായി ഫോർബ്സ് മാസിക വിലയിരുത്തുന്നു. അവ താഴെ പറയും വിധമാണു്
- അതു് മൂലധനത്തിലേക്കുള്ള കിളിവാതിലായി പ്രവർത്തിക്കുന്നു.
- ഒരു കമ്പനി തുടങ്ങുമ്പോളുണ്ടാകാവുന്ന അപകടസാധ്യത കുറയ്ക്കുന്നു.
- അതു് ഒരു വാണിജ്യ ഉപകരണമായി പ്രവർത്തിക്കുന്നു - ഒരു ഉൽപ്പന്നത്തെപ്പറ്റി അല്ലെങ്കിൽ ഒരു സേവനത്തെപ്പറ്റി അല്ലെങ്കിൽ ഒരു കമ്പനിയുടെ ലക്ഷ്യങ്ങളേയും താൽപര്യങ്ങളേയും പറ്റി വിപണിക്ക് പരിചയപ്പെടുത്തുന്നതിനുള്ള ഒരു നല്ല വഴിയാണു് ക്രൗഡ്ഫണ്ടിങ്ങ്.
- വസ്തുതാനിബദ്ധമായ തെളിവ് നൽകുന്നു - നമ്മുടെ ഉൽപന്നം അല്ലെങ്കിൽ സേവനം വിജയിക്കും എന്നു് നിക്ഷേപകരേയും, അവനവനെത്തന്നെയും വിശ്വസിപ്പിച്ചെടുക്കൽ, കുറച്ച് ബുദ്ധിമുട്ടിള്ള കാര്യമാണു്. ക്രൗഡ്ഫണ്ടിങ്ങ്, ഈ പ്രക്രിയ താരതമ്യേന എളുപ്പമാക്കുന്നു.
- ആശയങ്ങളുടെയും, അഭിപ്രായങ്ങളുടേയും ഏകീകരണത്തിനെ എളുപ്പമാക്കുന്നു - നമ്മുടെ ഉൽപന്നം അല്ലെങ്കിൽ സേവനത്തിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ അറിയുന്നതു്, അതിനെ നന്നാക്കുന്നതിൽ സഹായിക്കും.
- താൽപര്യമുള്ള ഉപയോക്താക്കളെ കാട്ടി തരുന്നു - ഒരു ക്രൗഡ്ഫണ്ടിങ്ങ് സരംഭത്തെ സഹായിക്കുന്നവർ അതിൽ വിശ്വസിക്കുന്നവർ ആയിരിക്കും എന്നു് ന്യായമായും കരുതാം. ഇത്തരം ഉപയോക്താക്കളാണു് ഏതൊരു സംരംഭത്തിന്റെയും വിജയം
- സ്വതവേയുള്ള രീതികളേക്കാൾ എളുപ്പം - പ്രയോഗത്തിൽ വരുത്താൻ താരതമ്യേന എളുപ്പമാണു്.
- സൗജന്യമായ പൊതുജനസമ്പർക്കം - പൊതുജനത്തിന്റെ അടുത്തു് നിന്നും മൂലധനം കൈപ്പറ്റുന്നതിനാൽ, അവരുമായി ഒരു ബന്ധം സൗജന്യമായി ലഭിക്കുകയാണു്.
- മുൻകൂർ വിൽക്കാനുള്ള കഴിവ് - പ്രയോഗത്തിൽ വരാത്ത ഒരു ഉൽപന്നം വിൽക്കാനും അതു് വഴി വിപണിയുടെ ഗതിവിഗതികൾ പഠിക്കാനുമുള്ള അവസരം.
- സൗജന്യം - “എല്ലാം അല്ലെങ്കിൽ ഒന്നുമില്ല” രീതിയിലുള്ള ക്രൗഡ്ഫണ്ടിങ്ങ് സംരംഭങ്ങളിൽ, ഉദ്ദേശിച്ച മൂലധനം സ്വരൂപിക്കാൻ ആയൽ അതു് മുഴുവൻ സംരംഭകന് ലഭിക്കുന്നതാണു്. ഉപയോക്താക്കൾക്ക് ഉൽപന്നം/സേവനം അല്ലാതെ ആർക്കും ഒരു പ്രതിഫലവും നൽകേണ്ട. ഇനി, ഉദ്ദേശിച്ച മൂലധനം കിട്ടിയില്ലെങ്കിൽ സ്വരൂപിച്ച തുക മുഴുവനും നിക്ഷേപകരിലേക്ക് തിരിച്ചു പോകും. സംരംഭകന് ഒന്നും കിട്ടുകയുമില്ല.
ചില ഉദാഹരണങ്ങള്‍
ക്രൗഡ് ഫണ്ടിങ്ങ് വഴി മൂലധനം സ്വരൂപിച്ച ചില സംരംഭങ്ങളെ പരിചയപ്പെടാം.
-
ഡയാസ്പുറ
ഫേസ്‌ബുക്ക്, ഗൂഗിൾ പ്ലസ് എന്നീ കുത്തക സാമുഹ്യക്കൂട്ടായ്മാ സേവനങ്ങൾക്ക് ബദലായി, ഒരു സ്വതന്ത്ര സാമുഹ്യക്കൂട്ടായ്മാ സോഫ്റ്റ്‌വെയർ ആണു് ഡയാസ്പുറ. നിലവിലുള്ള സേവനങ്ങളിലെ, ഉപയോക്താക്കളുടെ വിവരങ്ങൾ ഒരു കേന്ദ്രീകൃത സംവിധാനത്തിൽ സൂക്ഷിക്കുന്നതിനു് പകരം, ഉപയോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറിൽ തന്നെ വിവരങ്ങൾ സൂക്ഷിക്കുകയും, അവ ഇഷ്ടപ്പെട്ടവരുമായി പങ്കിടാനുമുള്ള അവസരം ഡയാസ്പുറ നൽകുന്നു. ഇതിനെ വികേന്ദ്രീകൃത സാമുഹ്യക്കൂട്ടാ അഥവാ ഡീസെൻട്രലൈസ്ഡ് സോഷ്യൽ നെറ്റ്‌വർക്കിങ്ങ് (Decentralized Social Networking) എന്നു് പറയുന്നു. കൊളമ്പിയയിലെ കൗറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഡാൻ ഗ്രിപ്പി, മാക്സ്‌വെൽ സാൽസ്ബെർഗ്, റാഫേൽ സോഫർ, ഇല്യ ഷിതോമിർസ്കി എന്നിവരാണു് ഇതിനു് തുടക്കം കുറിച്ചതു്. ഫേസ്ബുക്കും ഗൂഗിൾ പ്ലസുമൊക്കെ ഉപയോക്താക്കളുടെ വിവരങ്ങൾ അവരറിയാതെ കുത്തക കമ്പനികൾക്കും, സർക്കാരുകൾക്കും ചോർത്തിക്കൊടുക്കുന്നു എന്ന പരാതി നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, തികച്ചും, വിപ്ലവാത്മകമായ ഒരു സംരംഭമാണു് ഡയാസ്പുറ എന്നു് നിസ്സംശയം പറയാം. കൂടുതൽ വിവരങ്ങൾ.
-
ഫ്രീഡംബോക്സ്
സ്വകാര്യതെ സംരക്ഷിച്ചു് കൊണ്ടു് തന്നെ ഇന്റർനെറ്റ് ഉപയോഗം സാധ്യമാക്കാനുള്ള ഒരു സംരംഭമാണു് ഫ്രീഡംബോക്സ്. ഒരു ഫോണിന്റേയും, ഒരു വയർലെസ്സ് റൗട്ടറിന്റേയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു് കൊണ്ടു്, സ്വകാര്യ സെർവറുകളുടെ (personal servers) ഒരു ശൃംഘല ഉണ്ടാക്കുന്നതിലൂടെയാണു് ഇതു് സാധ്യമാകുന്നതു്. കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ നിയമവിഭാഗം പ്രൊഫസർ ആയ എബെൻ മോഗ്ലെൻ ആണു് ഇത്തരമൊരു ആശയം മുമ്പോട്ടു് വച്ചതു്. ഫ്രീഡംബോക്സിലൂടെ കൈമാറ്റം ചെയ്യുന്ന ഓരോ ഡാറ്റയും, എൻക്രിപ്റ്റഡ് (encrypted - മറ്റുള്ളവർക്ക് വായിക്കാൻ സാധിക്കാത്ത രീതിയിൽ കോഡ് ഭാഷയിൽ എഴുതിയതു്) ആയിരിക്കും. ഇതു് സ്വകാര്യത ഉറപ്പു വരുത്തുന്നു. കൂടുതൽ അറിയാം
-
ഡാർക് മെയിൽ സംരംഭം
ഈയടുത്ത കാലത്ത് ഓൺലൈൻ ലോകത്ത് പ്രശസ്തമായ ഒരു പേരാണു് “എഡ്വാർഡ് സ്നോഡൻ” എന്നതു്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി ആയ സിഐഎ (CIA) ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നിവരുടെ സഹായത്തോടേ പൊതുജനത്തിന്റെ വിവരങ്ങൾ ചോർത്തുന്നു എന്നു് പ്രസിദ്ധപ്പെടുത്തുകയാണു് സ്നോഡൻ ചെയ്തതു്. എഡ്വാർഡ് സ്നോഡൻ ഉപയോഗിച്ചു് കൊണ്ടിരുന്ന ഈമെയിൽ സേവനമാണു് ലാവാബിറ്റ്. സ്നോഡൻ വിവാദത്തെ തുടർന്ന്, അമേരിക്കൻ സർക്കാർ, ലാവാബിറ്റ് അടച്ചു പൂട്ടിച്ചു. ലാവാബിറ്റിന്റെ സ്ഥാപകനായ ലാഡാർ ലെവിസൺ, സ്വകാര്യത-അവബോധമുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന സൈലന്റ് സർക്കിൾ എന്ന സ്ഥാപനവുമായി പങ്കുചേർന്ന്, നിർമ്മിക്കുന്ന പുതിയ സേവനമാണു് ഡാർക് മെയിൽ ഇനിഷ്യേറ്റീവ്. ഈ ഈമെയിൽ സേവനത്തിലൂടെ കടന്നുപോകുന്ന എല്ലാ മെയിലും എൻക്രിപ്റ്റഡ് ആയതിനാൽ, ഒരു മൂന്നാമനു് അതിൽ കൈ കടത്താൻ സാധിക്കില്ല. ലാവാബിറ്റിൽ നിലനിന്നിരുന്ന സേവനങ്ങളുടെ കൂടെ ഡാർക് മെയിൽ പിന്തുണ കൂടി ചേർത്താണു് ഈ കൂടുതൽ ശക്തമായ ഈമെയിൽ സേവനം ആരംഭിക്കുന്നതു്. കൂടുതൽ അറിയാം
-
ലൈവ്കോഡ് സമൂഹ പതിപ്പ്
ഓപ്പൺ സോഴ്സും അതേ സമയം വാണിജ്യപരവുമായ ഒരു പ്രോഗ്രാമ്മിങ്ങ് ഭാഷയാണു് ലൈവ്കോഡ്. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഓഎസ് എന്നിങ്ങനെ നിരവധി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ പിന്തുണക്കുന്ന ലൈവ്കോഡ് പുറത്തിറക്കിയിരിക്കുന്നതു് റൺടൈം റെവല്യൂഷൻ എന്ന കമ്പനിയാണു്. ഈ പ്രോഗ്രാമ്മിങ്ങ് ഭാഷയുടെ ഒരു സ്വതന്ത്ര പതിപ്പ്, 2013ൽ ഒരു കിക്ക്സ്റ്റാർട്ടർ കാമ്പെയിനിലൂടെ അവർ പുറത്തിറക്കി. കൂടുതൽ വായിക്കാൻ - കൂടുതൽ അറിയാം
-
സേവ് പോഡറി
ഇനി ലേഖകൻ പങ്കെടുത്ത ഒരു ക്രൗഡ്ഫണ്ടിങ്ങ് കാമ്പെയിനിനെ പറ്റി പറയാം. ഡയാസ്പുറ എന്തെന്നു് വായനക്കാർ മനസ്സിലാക്കികാണുമെന്നു് പ്രതീക്ഷിക്കുന്നു. ഡയാസ്പുറയുടെ ആദ്യകാല പതിപ്പുകളിലൊന്നായിരുന്നു www.poddery.com. എന്നാൽ, ഈ പോഡ് (ഓരോ ഡയാസ്പുറ ഇൻസ്റ്റൻസുകളേയും പോഡ് എന്നാണു് വിളിക്കുക) അതിന്റെ നടത്തിപ്പുകാരൻ ചില സ്വകാര്യ കാരണങ്ങളാൽ നിർത്തലാക്കാൻ പോക്കുന്നതായി പ്രഖ്യാപിച്ചു. ഇത്രയും പഴയ ഒരു പോഡ് നിർത്തലാക്കുന്നതു്, ഡയാസ്പുറയെ പ്രതികൂലമായി ബാധിക്കും എന്നതു് കൊണ്ടു്, ലേഖകനടങ്ങുന്ന ഒരു കൂട്ടാം സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകർ ഈ പോഡ് ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചു. അതിനായി ഇൻഡീഗോഗോയിൽ ഒരു കാമ്പെയിനും തുടങ്ങി. ഉദ്ദേശ്ശിച്ച തുക കിട്ടിയില്ലെങ്കിലും, മൂന്നു് കൊല്ലത്തേക്ക് അതു് നടത്തിക്കൊണ്ടുപോകാൻ ഉള്ള തുക സമാനമനസ്കരുടെ സഹായത്താൽ സ്വരുക്കൂട്ടാനായി. കൂടുതൽ വിവരങ്ങൾക്ക് - കൂടുതൽ അറിയാം