സ്മാര്‍ട്ഫോണുകളില്‍ സ്വാതന്ത്ര്യത്തിന്റ പുതുവസന്തവുമായി ഫയര്‍ഫോക്സ് ഓഎസ് !

പ്രവീൺ അരിമ്പ്രത്തൊടിയിൽ under വാർത്ത on 14 ഏപ്രിൽ, 2014

ഫയര്‍ഫോക്സ് ഓഎസ് സ്ക്രീന്‍ഷോട്ട്; കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്; അനുമതി: അപ്പാച്ചെ

പ്രശസ്ത വെബ് ബ്രൗസറായ ഫയര്‍ഫോക്സിന്റെ രചയിതാക്കളായ മോസില്ലയില്‍ നിന്നും ഇറങ്ങുന്ന, ലിനക്സ് അടിസ്ഥാനമാക്കിയ, സ്വതന്ത്ര സ്മാര്‍ട്ഫോണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു് ഫയര്‍ഫോക്സ് ഓഎസ്. സിസ്റ്റം ബൂട്ട് ചെയ്യുമ്പോള്‍ നേരിട്ട് ഫയര്‍ഫോക്സ് ബ്രൗസര്‍ തുടങ്ങുകയും എല്ലാ സോഫ്റ്റ്‌വെയറുകളും വെബ്‌സൈറ്റുകള്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തരത്തിലാണ് ഫയര്‍ഫോക്സ് ഓഎസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ജനപ്രിയ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളായ ആന്‍ഡ്രോയിഡ്, ഐഓഎസ് തുടങ്ങിയവക്കൊരു സ്വതന്ത്ര ബദലാണ് ഫയര്‍ഫോക്സ് ഓഎസ്.

ഒരു സ്മാര്‍ട്ട്ഫോണില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നതെല്ലാം - ഇന്റര്‍നെറ്റ്, ഇമെയില്‍, പാട്ടുകള്‍, മാപ്പുകള്‍, തുടങ്ങി എല്ലാ സൗകര്യങ്ങളും ഫയര്‍ഫോക്സ് ഓഎസ്സിലുണ്ട്. സിടിഇ (ZTE), അല്‍കാടെല്‍, ഗീക്സ്ക്ഫോണ്‍, എല്‍ജി, ഹ്വാവേ തുടങ്ങിയവര്‍ ഫയര്‍ഫോക്സ് ഓഎസ് ഫോണുകളിറക്കുന്നുണ്ട്. പാനസോണിക്കുമായി ചേര്‍ന്നു് സ്മാര്‍ട്ട് ടിവികളിലും ഫോക്സ്കോണുമായി ചേര്‍ന്നു് ടാബ്ലറ്റുകളിലും വയ (VIA) യുമായി ചേര്‍ന്നു് ഡെസ്ക്ടോപ്പുകളിലും ഫയര്‍ഫോക്സ് ഓഎസ് കൊണ്ടുവരാന്‍ മോസില്ല പദ്ധതിയിടുന്നുണ്ട്.

എവിടെ വാങ്ങിയ്ക്കാം?

ഈബേ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നും ഇന്ത്യയില്‍ ആദ്യമായി ഇറങ്ങിയ ഫയര്‍ഫോക്സ് ഓഎസ് മോഡലായ സിടിഇ ഓപ്പണ്‍ (ZTE Open) വാങ്ങിക്കാവുന്നതാണ്. ₹6990/- ആണ് വില.

എന്തുകൊണ്ട് ഫയര്‍ഫോക്സ് ഓഎസ്?

ഗൂഗിളിനും പാര്‍ട്ണര്‍ കമ്പനികള്‍ക്കും പുറത്തുള്ളവര്‍ക്കു് ആന്‍ഡ്രോയിഡില്‍ സംഭാവന ചെയ്യാന്‍ പ്രയാസമായതിനാല്‍ (മലയാളം ഇന്റര്‍ഫേസിനുള്ള പിന്തുണ ഇതു വരെ ഗൂഗിള്‍ സ്വീകരിച്ചിട്ടില്ല) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ വളരെ ആവേശത്തോടെയാണ് ഫയര്‍ഫോക്സ് ഓഎസ്സിനെ സ്വീകരിക്കുന്നത്. പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിയതിന് ശേഷമേ ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ സോഴ്സ് കോഡ് പുറത്തു് വിടാറുള്ളൂ. എന്നാല്‍, ഫയര്‍ഫോക്സ് ഓഎസ്സിലെ ഓരോ ചെറിയ മാറ്റവും ആര്‍ക്കും എപ്പോഴും കാണാവുന്നതാണ്.

സാങ്കേതികം

എച്ച്ടിഎംഎല്‍5 സാങ്കേതികവിദ്യ (എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവാസ്ക്രിപ്റ്റ്) ഉപയോഗിച്ചാണു് ഫയര്‍ഫോക്സ് ഓഎസ്സില്‍ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ലിനക്സ് കെര്‍ണല്‍, ഫയര്‍ഫോക്സ് ബ്രൌസറിന്റെ ലേയൗട്ട് എഞ്ചിനായ ഗെക്കോ എന്നിവ ചേര്‍ന്നാണ് ഈ വെബ് സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്. ഓരോ അപ്ലിക്കേഷനും ഓരോ വെബ്സൈറ്റ് പോലെയാണു് പ്രവര്‍ത്തിക്കുന്നത്. സാധാരണ വെബ് ബ്രൗസറില്‍ ലഭ്യമായ സൗകര്യങ്ങള്‍ക്ക് പുറമേ ഫോണ്‍ ഹാര്‍ഡ്‌വെയര്‍ (വയര്‍ലസ്സ്, ബ്ലൂടൂത്ത്, ജിപിഎസ്സ് തുടങ്ങിയവ) ജാവാസ്ക്രിപ്റ്റ് വഴി കൈകാര്യം ചെയ്യാനുള്ള സൗകര്യവും മോസില്ല വികസിപ്പിച്ചെടുത്തിരിക്കുന്നു. സിടിഇ ഓപ്പണില്‍ ഫയര്‍ഫോക്സ് ഓഎസിന്റെ 1.0 പതിപ്പാണു് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.3 പ്രിറിലീസ് പതിപ്പിലാണ് ലേഖകന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഔദ്യോഗികമായിത്തന്നെ ഓഎസ് അപ്ഡേറ്റുകള്‍ ലഭ്യമാവുന്നതാണ്.

ഫയര്‍ഫോക്സ് ഓഎസ്സിന്റെ ഗുണങ്ങള്‍

ആന്‍ഡ്രോയിഡ് 1.5 ല്‍ പ്രവര്‍ത്തിച്ച ആദ്യ ആന്‍ഡ്രോയിഡ് ഫോണായ എച്ച്ടിസി ഡ്രീമുമായാണു് പലപ്പോഴും ഞാന്‍ സിടിഇ ഓപ്പണിനെ താരതമ്യം ചെയ്യുന്നത്.

 1. ഒരു നല്ല വെബ്‌ ബ്രൗസറുണ്ടു്. പല വെബ്‌സൈറ്റുകളുടേയും ഡെസ്ക്ടോപ്പ് പതിപ്പുകള്‍ കുഴപ്പമില്ലാതെ കാണാം.
 2. ലോക്വി.ഐഎം (loqui.im) ഉപയോഗിച്ചു് വാട്സാപ്പ്, ജാബര്‍, ഗൂഗിള്‍ ടോക്ക്, ഫേസ്ബുക്ക് ചാറ്റ് ഉള്‍പ്പെടെ പല ചാറ്റ് സേവനങ്ങളും ഉപയോഗിയ്ക്കാം.
 3. വെബ് ആപ്ലിക്കേഷനുകളായതുകൊണ്ട് ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ ഉപയോഗിക്കാം.

ഫയര്‍ഫോക്സ് ഓഎസ്സിന്റെ പോരായ്മകള്‍

 1. കോപ്പി-പേസ്റ്റ് സംവിധാനമില്ല. വിലാസപുസ്തകത്തിലെ ഒരു നമ്പര്‍ ആര്‍ക്കെങ്കിലും അയച്ചു് കൊടുക്കണമെങ്കില്‍ നമ്പര്‍ ഓര്‍ത്തിരിയ്ക്കുകയോ മറ്റൊരിടത്തു് പകര്‍ത്തുകയോ വേണം.
 2. ഇമെയില്‍ അപ്ലിക്കേഷന്‍ ഭാഗ്യമുണ്ടെങ്കിലേ ശരിയായി പ്രവര്‍ത്തിക്കൂ. ജിമെയില്‍ എക്കൗണ്ടില്‍ പുതിയ മെയിലുകളുടെ വിഷയം കാണാമെങ്കിലും വായിക്കാന്‍ കഴിയുന്നില്ല.
 3. പല വെബ്‌സൈറ്റുകളും ഇടക്കിടെ ക്രാഷാകാറുണ്ട്.

ഇവയില്‍ പലതും വരുന്ന പതിപ്പുകളില്‍ പരിഹരിയ്ക്കപ്പെടും എന്നാണു് പ്രതീക്ഷ.

സിടിഇ ഓപ്പണിന്റെ പോരായ്മകൾ

വളരെ കുറഞ്ഞ സ്പെസിഫിക്കേഷനായതിനാല്‍ ഈ ഫോണിന്റെ പല പോരായ്മകളും പെട്ടെന്ന് ശ്രദ്ധയില്‍ പെടും.

 1. ഒരു ഈമെയില്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എസ്എംഎസ്സോ വിളിയോ വന്നാല്‍ എഴുതിയതെല്ലാം നഷ്ടപ്പെടും.
 2. ബാറ്ററി ലൈഫ് കുറവാണ്. ഏതാണ്ട് ഒരു ദിവസം കഷ്ടിച്ച് നില്‍ക്കും.

സിടിഇ ഓപ്പണ്‍ ഒരു സാധാരണ ഫോണായി കുഴപ്പമില്ലാതെ ഉപയോഗിയ്ക്കാമെങ്കിലും ഒരു സ്മാര്‍ട്ട്ഫോണില്‍ നിന്നും പ്രതീക്ഷിയ്ക്കുന്ന പലതും ലഭ്യമല്ല. സിടിഇ ഓപണ്‍ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ഫോണായതു കൊണ്ടും ഫയര്‍ഫോക്സ് ഓഎസ് ശൈശവദശയിലായതുകൊണ്ടുമാണിത്.

മറ്റു പല കമ്പനികളും ഫയര്‍ഫോക്സ് ഫോണുകളിറക്കുന്നുണ്ടെങ്കിലും അതൊന്നും ഇന്ത്യയില്‍ ലഭ്യമല്ല. പുതിയ പതിപ്പായ ഫയര്‍ഫോക്സ് 2.0 താരതമ്യേന മികച്ച സമ്പര്‍ക്കമുഖം പ്രദാനം ചെയ്യുന്നുണ്ട്. മോസില്ല സ്പ്രെഡ്ട്രം എന്ന ചിപ്പ് നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്ന് $25 (ഏകദേശം ₹1500) വിലവരുന്ന സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാന്‍ പദ്ധയിടുന്നുണ്ട്.

കൂടുതല്‍ കണ്ണികള്‍

 1. സിടിഇ ഓപണ്‍ ഇബേ.ഇനില്‍
 2. ഫയര്‍ഫോക്സ് ഓഎസിനെ കുറിച്ച് മലയാളം വിക്കിപീഡിയയില്‍
 3. ഫയര്‍ഫോക്സ് ഉപകരണങ്ങളുടെ പട്ടിക ഇംഗ്ലിഷ് വിക്കിപീഡിയയില്‍
 4. ഫയര്‍ഫോക്സ് ടാബ്‌ലറ്റിനെ കുറിച്ച് വിശദാംശങ്ങള്‍ ദ നെക്സ്റ്റ് വെബ്ബില്‍.