സ്വാതന്ത്യം, പ്രകൃതി: ചില കമ്പ്യൂട്ടര്‍ ചിന്തകള്‍

സൂരജ് കേനോത്ത് under പലവക on 28 ജൂലൈ, 2014

ഈ കഴിഞ്ഞ ഏപ്രില്‍ എട്ടാം തീയതി മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പിക്ക് നല്കിയിരുന്ന പിന്തുണ അവസാനിച്ചിരിപ്പിക്കുയാണ്. ഇത് തരുന്ന ചില പാഠങ്ങളും ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുള്‍പ്പടെ പ്രകൃതി സംരക്ഷണത്തിന് വേണ്ടി നടത്തുന്ന മുറവിളികളും ആണ് ഈ ലേഖനത്തിന്റെ പിറിവിയിലേക്ക് നയിച്ചത്. ഒറ്റനോട്ടത്തില്‍ ഒരു ബന്ധവും കാണില്ലെങ്കിലും ഒന്ന് ചിന്തിച്ചാല്‍ രസകരമായ പല കാര്യങ്ങളും ഇതില്‍ കാണാന്‍ കഴിയും. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ(International Energy Agency – IEA) ഏകദേശകണക്കില്‍ ലോകത്താകമാനം ഉത്പാതിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ പതിനഞ്ച് ശതമാനത്തോളം ഉപയോഗിക്കപ്പെടുന്നത് കമ്പ്യൂട്ടറും മറ്റ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് സാധനങ്ങള്‍ക്കും വേണ്ടിയാണ്. നേരിട്ടുള്ള ഉപയോഗത്തെ കുറിച്ചാണിത്. എല്ലാ ഇലക്ട്രോണിക്ക് ഉപകരണങ്ങളും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു് ഊര്‍ജ്ജരൂപങ്ങള്‍ വൈദ്യുതിയിലേക്ക് മാറ്റുമ്പോഴുള്ള അധിക ചിലവും, ഈ ഇലക്ട്രോണിക്ക് സാധങ്ങളുടെ നിര്‍മ്മാണത്തിനും വിപണനത്തിനും വേണ്ടി ചിലവാക്കുന്ന ഊര്‍ജ്ജവും കൂടി കണക്കിലെടുക്കുമ്പോള്‍ പങ്ക് ഇനിയും കൂടാം. അതുകൂടാതെ നമ്മുടെ ഇലക്ട്രോണിക് വേസ്റ്റുകളില്‍ നല്ലൊരു സംഭാവന കമ്പ്യൂട്ടറുകളുടേയും മൊബൈല്‍ ഫോണുകളുടേയും വകയാണ്. വിന്‍ഡോസ് എക്സ്പിയുടെ പിന്തുണ പിന്‍വലിക്കുമ്പോള്‍ വലിയൊരു വിഭാഗം ആളുകള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങേണ്ടി വരും. അങ്ങനെ ഇത് കൂടുതല്‍ ഇലക്ട്രോണിക്ക് വേസ്റ്റ് ഉണ്ടാക്കിയേക്കാം. അതോടൊപ്പം വേണ്ടത്ര ആലോചന ഇല്ലാതെ പുതിയ ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നത് ഊര്‍ജ്ജ ഉപയോഗത്തേയും സ്വാധീനിക്കും. ഈ ചിന്തയാണ് ഈ ലേഖനത്തിന്റെ പിറവിക്ക് കാരണം.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പി ഇറങ്ങിയത് 2001 ആഗസ്ത് മാസത്തിലാണ്. ഏകദേശം പന്ത്രണ്ട് വര്‍ഷം മുന്‍പ്. അതിന് ശേഷം സാങ്കേതിക വിദ്യ ഒരുപാട് മുന്നേറി. പലതും കാലഹണപ്പെട്ടു തുടങ്ങി. അത്തരം മാറ്റങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് മൈക്രോസോഫ്റ്റ് പുതിയ ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പലതും ഇറക്കി. അതില്‍ ഏറ്റവും പുതിയത് വിന്‍ഡോസ് 8.1 ആണ്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സങ്കേതിക വിദ്യയില്‍ നിന്നും പുതിയ ഒന്നിലേക്ക് മാറേണ്ടത് ഒരു ആവശ്യമാണ്. ഇതാണ് വിന്‍ഡോസ് എക്സ്പിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതിനുള്ള കാരണമായി മൈക്രോസോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ഇത് വിന്‍ഡോസ് എക്സ്പിയുടെ ഉപയോക്താക്കളോട് മൈക്രോസോഫ്റ്റ് കാണിക്കുന്ന വഞ്ചനയാണെന്ന് സമര്‍ത്ഥിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം മൈക്രോസോഫ്റ്റിന്റെ വാദപ്രകാരം ഉപയോക്താക്കളില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള അനുമതിക്ക് വേണ്ടിയുള്ള പണം മാത്രമേ മൈക്രോസോഫ്റ്റ് ഈടാക്കുന്നുള്ളൂ. വിന്‍ഡോസ് എക്സ്പി ലൈസന്‍സ് പ്രകാരം അതിന്റെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പരമാവധി വാറണ്ടി തൊണ്ണൂറ് ദിവസത്തേക്കാണ്. സാധാരണ ഗതിയില്‍ മറ്റ് കാരാറുകളൊന്നും (support agreements) തന്നെ സാധാരണ ഉപയോക്താക്കള്‍ എടുക്കാറുമില്ല. എങ്കിലും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി വിന്‍ഡോസ് എക്സ്പിക്ക് വേണ്ടി സുരക്ഷയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ എല്ലാ പുതുക്കലുകളും സൌജന്യമായി തന്നെ മൈക്രോസോഫ്റ്റ് അതിന്റെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി. വിന്‍ഡോസിന്റെ പുതിയ പതിപ്പുകളിറങ്ങിയിട്ടും കഴിഞ്ഞ ഏഴ് വര്‍ഷമായി മൈക്രോസോഫ്റ്റ് ഈ പതിവ് തുടര്‍ന്നു. പുതിയത് വരുമ്പോള്‍ പഴയതിനുള്ള പിന്തുണ അവസാനിപ്പിക്കുന്ന ഒരു പൊതുരീതിയില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചെതെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്.

എന്നാല്‍ അതു മൈക്രോസോഫ്റ്റിന്റെ ഔദാര്യമൊന്നുമല്ല. കാരണം എക്സ്പിക്ക് ശേഷം മൈക്രോസോഫ്റ്റ് ഇറക്കിയ മുഖ്യധാര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ യഥാക്രമം വിന്‍ഡോസ് വിസ്തയും വിന്‍ഡോസ് സെവനും ആണ്. രണ്ടിനും കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സമയം സ്വന്തന്ത്ര സോഫ്റ്റ്‌വെയറില്‍ കാര്യമായ മുന്നേറ്റം നടക്കുകയും ചെയ്തു. ലോകത്തിലെ നല്ലൊരു പങ്ക് സര്‍ക്കാര്‍സ്ഥാപനങ്ങളും സര്‍ക്കാറിതരസ്ഥാപനങ്ങളും ഔദ്യോഗികമായി തന്നെ സ്വതന്ത്രസോഫ്റ്റ്‌വെയറിലേക്ക് മാറി. ഈ സാഹചര്യത്തില്‍ വിന്‍ഡോസ് എക്സ്പിയുടെ പിന്തുണ പിന്‍വലിക്കാതിരിക്കുന്നത് നിലനില്‍പിനുള്ള സമരം കൂടി ആയിരുന്നു. 2007-ല്‍ വിസ്ത ഇറങ്ങിയതിനു ശേഷം 2008 മുതല്‍ എക്സ്പി പിന്‍വലിക്കാന്‍ തുടങ്ങിയെങ്കിലും പൂര്‍ണ്ണമായും എക്സ്പിയുടെ വിപണനം നിര്‍ത്തിയത് 2011-ല്‍ വിന്‍ഡോസ് 8 ന്റെ വരവിന് മുന്നോടിയായി മാത്രമാണ്. സ്വതന്ത്രസോഫ്റ്റ്‌വെയറുകളും എക്സ്പിയും ഒരുപോലെ വിന്‍ഡോസ് 8-ന്റെ ശത്രുക്കളായേക്കും എന്ന് കരുതി ശത്രുക്കളിലൊന്നിനെ അവസാനിപ്പിച്ചു. ആ സമയം ആയപ്പോഴേക്കും പുതിയ ഭീഷണയുമായി ഗുഗിളും രംഗത്തെത്തി. ഇന്ന് വിന്‍ഡോസ് എക്സ്പി മൈക്രോസോഫ്റ്റിന് ചിലവല്ലാതെ വരവൊന്നുമുണ്ടാക്കുന്നില്ല എന്ന് വേണം കരുതാന്‍. അതുകൊണ്ടുതന്നെ അവര്‍ അതിനുള്ള പിന്തുണയും അവസാനിപ്പിക്കുന്നു. മുങ്ങുന്ന കപ്പലില്‍ അത്യാവശ്യമല്ലാത്തത് കളഞ്ഞ് ഭാരം കുറയ്ക്കുന്നത് പോലെ.

ഇങ്ങനെയൊക്കെയാണെങ്കിലും ഏപ്രില്‍ എട്ടിന് ശേഷവും വിന്‍ഡോസ് എക്സ്പി ഉപയോഗിക്കാന്‍ മൈക്രോസോഫ്റ്റ് സൌകര്യം ചെയ്യുന്നുണ്ട്. അതുവരെ ഉള്ള മാറ്റങ്ങള്‍ തുടര്‍ന്നും മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യും എന്നാണ് മൈക്രോസോഫ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ ഈ രീതിയില്‍ വിന്‍ഡോസ് എക്സ്പി ഉപയോഗിക്കുന്നത് ഒട്ടും അഭിലഷണീയമല്ല എന്ന് മൈക്രോസോഫ്റ്റ് തന്നെ പറയുന്നു. ഒരു സോഫ്റ്റ്‌വെയറും പ്രശ്നങ്ങളില്ലാത്തതല്ല. പ്രശ്നങ്ങള്‍ പറയുമ്പാഴാണ് പരിഹരിക്കുന്നത്. ഏപ്രില്‍ എട്ടിന് ശേഷം വിന്‍ഡോസ് എക്സ്പിയിലെ പുതിയ പ്രശ്നങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് പരിഹാരം തരുന്നതല്ല. അത് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സുരക്ഷയെ ബാധിക്കും. അതുകൂടാതെ പുതിയ പല സോഫ്റ്റ്‌വെയറുകളും ഇനിമുതല്‍ വിന്‍ഡോസ് എക്സ്പിയെ പിന്തുണയ്ക്കില്ല.

അപ്പോള്‍ ശരിയായ പരിഹാരം പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് മാറുക എന്നത് തന്നെയാണ്. മൈക്രോസോഫ്റ്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ട് നീങ്ങുകയാണേല്‍ നമ്മള്‍ വിന്‍ഡോസ് 8.1 ആണ് വാങ്ങേണ്ടത്. ഇത് ഉപയോഗിക്കാന്‍ ചുരുങ്ങിയത് 1GB RAM-ഉം 1GHz-ന്റെ പ്രോസസ്സറും വേണം. എന്നാല്‍ മറ്റ് അനുബന്ധ സോഫ്റ്റ്‌വെയറുകള്‍ ചേരുമ്പോള്‍ ഇത് മതിയാകാതെ വന്നേക്കാം. നിങ്ങളുടെ കമ്പ്യൂട്ടര്‍ അല്പം പഴയതാണെങ്കില്‍ അത് മാറ്റി പുതിയൊന്ന് വാങ്ങിയേ മതിയാവൂ. പുതിയ ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നത് ചിലപ്പോള്‍ നിങ്ങളുടെ വൈദ്യുതി ചിലവ് കുറയ്ക്കാന്‍ സഹായിച്ചേക്കും. എങ്കിലും നിങ്ങളുടെ തിരഞ്ഞെടുപ്പ് അനുസരിച്ചിരിക്കും അത്. എന്തായാലും മൈക്രോസോഫ്റ്റ് പറയുന്നതിന് അനുസരിച്ച് നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ മാറ്റി വാങ്ങേണ്ടതാണ്. ഇന്നത്തെ മാര്‍ക്കറ്റ്(2014മാര്‍ച്ച് 28) വില വെച്ച് 6000-രൂപമുതലാണ് വിന്‍ഡോസ് 8.1-ന് വേണ്ടി മുടക്കേണ്ടത്. ഏറ്റവും ചെറിയ കോണ്‍ഫിഗറേഷനിലുള്ള കമ്പ്യൂട്ടറും ഓപ്പറേറ്റിങ്ങ് സിസ്റ്റവും കൂടിയാവുമ്പോള്‍ വില 22000 രൂപ അടുത്ത് വരും. മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് കൂടി വേണം എന്നുണ്ടെങ്കില്‍ ഒരു 5000 രൂപയും പിന്നെ ടെക്നീഷ്യന് കൊടുക്കേണ്ടുന്ന ഒരു 500 രൂപയും. ഇതിനെല്ലാം പുറമെ നിങ്ങളുടെ പഴയ കമ്പ്യൂട്ടര്‍ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള വഴിയും നിങ്ങള്‍ കണ്ടെത്തണം.

ഇവിടെയാണ് സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രായോഗിക പ്രസക്തി. നിങ്ങളുടെ നിലവിലുള്ള കമ്പ്യൂട്ടറിനനുസരിച്ച് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ മാറ്റം വരുത്താം എന്നതാണ് ഇതിന്റെ മെച്ചം. ആന്റീവൈറസ് പ്രോഗ്രാമുകളും മറ്റും ഉപയോഗിച്ചില്ലേലും വലിയ കുഴപ്പമില്ലാത്തത് കൊണ്ട് തന്നെ കമ്പ്യൂട്ടറിന്റെ മുഴുവന്‍ ശേഷിയും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.512MB-RAM-ഉം 800MHz-ന്റെ പ്രോസസ്സറും ഉള്ള കമ്പ്യൂട്ടറില്‍ പോലും സാമാന്യം നന്നായി ഗ്നൂ/ലിനക്സ് സിസ്റ്റവും അത്യാവശ്യം വേണ്ട സോഫ്റ്റ്‌വെയറുകളും ഓടിക്കാവുന്നതാണ്. നിലവിലുള്ള കമ്പ്യൂട്ടര്‍ ഉപേക്ഷിക്കേണ്ടതില്ല. സോഫ്റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റില്‍ നിന്നോ അല്ലാതെയോ സൌജന്യമായി സ്വന്തമാക്കാം. നമ്മുടെ നാട്ടില്‍ വലിയൊരു വിഭാഗം ആളുകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് രേഖകള്‍ തയ്യാറാക്കുക, കത്തയക്കുക തുടങ്ങിയ ഓഫീസ് ആവശ്യങ്ങള്‍ക്കും സ്വകാര്യഇന്റര്‍നെറ്റ് ഉപയോഗം, പാട്ട് കേള്‍ക്കല്‍, സിനിമ കാണുല്‍ തുടങ്ങിയവയ്ക്കുമാണ്. ചെറിയ തരത്തിലുള്ള ഫോട്ടോ എഡിറ്റ് ഉള്‍പ്പടെ ഇത്തരം കാര്യങ്ങള്‍ക്ക് ഈ കമ്പ്യൂട്ടര്‍ ധാരാളമാണ്. ആവശ്യങ്ങള്‍ കൂടുതാണെങ്കില്‍ ആവശ്യം അനുസരിച്ച് ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയും ആവാം.

സ്വതന്ത്രസോഫ്റ്റ്‌വെയറിലേക്ക് മാറുന്നതിലെ നേട്ടങ്ങളില്‍ ചിലത് മുകളില്‍ തന്നെ വിവരിച്ചിട്ടുണ്ട് എങ്കിലും ചിലത് എടുത്ത് പറയാം. ഏറ്റവും പ്രധാനം ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉണ്ടാക്കുന്ന കമ്പനി പറയുന്നതനുസരിച്ചല്ല, ആവശ്യത്തിനനുസരിച്ചുള്ള കമ്പ്യൂട്ടര്‍ വാങ്ങിയാല്‍ മതിയാകും. അതുകൂടാതെ ഊര്‍ജ്ജവിനിയോഗം വളരെ കുറഞ്ഞ ARM-SoC(ആന്‍ഡ്രോയിഡ് ഫോണിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലും വരുന്ന പ്രോസസ്സറുകള്‍) അടിസ്ഥനമായുള്ള കുഞ്ഞന്‍ കമ്പ്യൂട്ടറുകളില്‍ (single board computer) പോലും ഗ്നൂ/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തെടുക്കാം. അതായത് പുതിയ ഒരു കമ്പ്യൂട്ടര്‍ വാങ്ങേണ്ടി വരികയാണെങ്കില്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമമായ ഒന്നാക്കാം. എടുത്ത് പറയേണ്ടുന്ന മറ്റൊരു പ്രധാന നേട്ടം ഭാഷ പിന്തുണയാണ്. ലോകത്ത് ഏറ്റവും നന്നായി ഭാരതീയ ഭാഷ പ്രത്യേകിച്ച് മലയാളം പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ഗ്നൂ/ലിനക്സ് തന്നെയാണ്. കൂടാതെ പ്രാദേശികവത്കരിക്കാനും മറ്റുമാറ്റങ്ങള്‍ വരുത്താനും എളുപ്പമാണ്. കമ്പനി പിന്തുണ നിര്‍ത്തിയാല്‍ എന്ത് ചെയ്യും എന്ന് ഭയപ്പെടേണ്ട ആവശ്യവും ഇല്ല. കാരണം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ മിക്കതും നിയന്ത്രിക്കുന്നത് ഉപയോക്തൃകൂട്ടായ്മകളാണ്. സാമാന്യം വലിയ ഒരു കൂട്ടായ്മ ഉള്ള സോഫ്റ്റ്‌വെയറിന്റെ പിന്തുണ അങ്ങനെ പെട്ടന്ന് നില്‍ക്കാറില്ല.

സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഓഫീസ് സ്യൂട്ടായ ഓപ്പണ്‍ ഓഫീസിന്റെ ഉടമകള്‍ സണ്‍ മൈക്രോസിസ്റ്റം ആയിരുന്നു. 2010-ല്‍ സണ്ണിനെ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുകയും 2011-ഏപ്രിലോടുകൂടി ഓപ്പണ്‍ ഓഫീസിന്റെ പിന്തുണ അവസാനിപ്പിക്കുയും ചെയ്തു. പക്ഷേ അതിനുള്ള നടപടികള്‍ തുടങ്ങും മുന്നേ തന്നെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സിലുള്ള അതിന്റെ കോഡുപയോഗിച്ച് ലിബ്രറേ ഓഫീസ് എന്ന് പേരില്‍ പുതിയ പ്രൊജക്റ്റ് തുടങ്ങി. അങ്ങനെ അതേ സോഫ്റ്റ്‌വെയര്‍ മറ്റൊരു പേരില്‍ ലഭ്യമായി. ഇത്തരത്തില്‍ അല്ലാതേയും ചില തുടര്‍ച്ചകളുണ്ട്. സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ വളരെ വ്യാപകമായ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് എന്‍വിയോണ്‍മെന്റുകളായ KDE-യുടേയും GNOME-ന്റെയും പുതിയ ലക്കങ്ങളായ KDE4-ഉം GNOME3-ഉം പരമ്പരാഗത സങ്കല്പത്തില്‍ നിന്ന് ഒരുപാട് മാറിയുള്ളതാണ്. അതിഷ്ടപ്പെടാതിരുന്ന ഒരു വലിയൊരു ഭാഗം ഉപയോക്താക്കള്‍ യഥാക്രമം ട്രിനിറ്റി, മേറ്റ് എന്നീ പേരുകളില്‍ KDE3-ഉം GNOME2-ഉം അടിസ്ഥാപ്പെടുത്തിയുള്ള പ്രൊജക്റ്റ് തുടരുന്നു. ചുരുക്കത്തില്‍ ഏറ്റവും പുതിയ സങ്കേതിക വിദ്യകള്‍ പഠിക്കാനും പരീക്ഷിക്കാനും സൌകര്യവും ഉള്ളപ്പോള്‍ തന്നെ ഇഷ്ടപ്പെടാത്ത ഒരുമാറ്റം വന്നാല്‍ അതില്‍ നിന്ന് മാറി നില്‍ക്കാനും സാധിക്കുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ക്കും അവയുടേതായ ചില പരിമിതികളും പ്രത്യേകളും ഒക്കെയുണ്ട്.കുത്തക സോഫ്റ്റ്‌വെയറുകളെ(proprietary software) സമീപിക്കുന്നത് പോലെ സ്വതന്ത്രസോഫ്റ്റ്‌വെയറുകളെ സമീപിച്ചാല്‍ ഒരു പക്ഷേ നിരാശയാകും ഫലം. ഫോട്ടോഷോപ്പ്, ഓട്ടോകാഡ്, തുടങ്ങി സാമാന്യം ഉപയോഗിച്ച് കണ്ടുവരുന്നതായ പല സോഫ്റ്റ്‌വെയറുകളും ഗ്നൂ/ലിനക്സില്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ അവ ഉപയോഗിച്ച് ചെയ്യുന്ന മിക്കകാര്യങ്ങളും ഒരുപക്ഷേ അതിലും ഭംഗിയായി ഗ്നൂ/ലിനക്സില്‍ ചെയ്തെടുക്കാം. ഇവിടെ വരുന്ന വ്യത്യാസം കുത്തക സോഫ്റ്റ്‌വെയറുകളില്‍ പലതും യഥാര്‍ത്ഥത്തില്‍ സോഫ്റ്റ്‌വെയര്‍ സോലുഷനുകളാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ചില ആവശ്യങ്ങള്‍ അതുവഴി നേരിട്ട് നടത്തപ്പെടും. എന്നാല്‍ പല സ്വതന്ത്രസോഫ്റ്റ്‌വെയറുകളും കേവലം സോഫ്റ്റ്‌വെയറുകള്‍ മാത്രമായിട്ടാണ് വരുന്നത്. ഒരു പണിമാത്രം ചെയ്യുക, അത് ഏറ്റവും ഭംഗിയായി ചെയ്യുക എന്ന പ്രത്യേക തത്വചിന്തയാണ് ഇത്തരം പ്രൊജക്റ്റുകളില്‍ ഉള്ളത്. അതിനാല്‍ ഉള്ള സോഫ്റ്റ്‌വെയറില്‍ നിങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുമ്പോഴോ ഒന്നിലധികം സോഫ്റ്റ്‌വെയറുകള്‍ പരസ്പരം ബന്ധപ്പെടുത്തി ചേര്‍ത്തടുക്കിയാലോ ആണ് ചിലപ്പോ നിങ്ങളുടെ ആവശ്യം നടക്കുക. ഇത്തരത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ നിറവേറുന്ന തരത്തില്‍ സോഫ്റ്റ്‌വെയറുകളെ അടുക്കുന്നതും(configure) ഒരുക്കുന്നതും(customise) അതുപയോഗിക്കാന്‍ പഠിക്കുന്നതും രണ്ട് തരത്തില്‍ ചെയ്യാം.അല്പം മനസ്സുണ്ടെങ്കില്‍ അത് സ്വയം ചെയ്യാം. അതല്ല എന്നുണ്ടെങ്കില്‍ വിദഗ്ദ്ധരുടെ സഹായം തേടാം.

മറ്റൊരാളുടെ സഹായം തേടുമ്പോള്‍ അത് രണ്ട് തരത്തില്‍ നേടിയെടുക്കാം. ഒന്ന് സമാനമനസ്കരായ ആളുകളുമായി ഇടപെട്ട് ലഭിക്കുന്ന പരസ്പര സഹായം. FSUG-TVM, ilug-cochin, FSUG-Calicut എന്നിവ കേരളത്തിനകത്തു നിന്ന് തന്നെയുള്ള പ്രമുഖ ഉപയോക്തൃക്കൂട്ടായ്മകളാണ്. അതുകൂടാതെ ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജ് തൃശ്ശൂര്‍, ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജ് തിരുവന്തപുരം, MEC College കുറ്റിപ്പുറം, വിദ്യാഅക്കാദമി തൃശ്ശൂര്‍, തുടങ്ങിയ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും ഐടി അധ്യാപകരും ആശ്രയിക്കാവുന്ന ഇടങ്ങളാണ്. IT@School എന്ന ലിനക്സ് അധിഷ്ഠിതി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പ്രഭവ കേന്ദ്രമായ സ്പേസും സഹായം ലഭിക്കുന്ന ഒരിടമാണ്. രണ്ടാമത്തെ രീതി പണം കൊടുത്ത് സഹായം നേടുന്നതാണ്. ഹ്രസ്വകാലത്തേക്കോ ദീര്‍ഘ കാലത്തേക്കോ കരാര്‍ അടിസ്ഥാനമാക്കിയുള്ള പിന്തുണ ഉറപ്പ് വരുത്താന്‍ കേരളത്തിനകത്തും പുറത്തും ചെറുതും വലുതുമായ സ്ഥാപനങ്ങളും വ്യക്തികളും ധാരളമായുണ്ട്. കൂടാതെ കനോനിക്കല്‍ ലിമിറ്റഡ്(ഉബുണ്ടു) റെഡ്ഹാറ്റ് തുടങ്ങി അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍മാരുടെ സഹായവും സമാനമായ രീതിയില്‍ ലഭ്യമാക്കാവുന്നതാണ്. ഒരോന്നിനും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്.

പ്രിന്ററും ലാപ്പ്ടോപ്പും പ്രിന്ററും ഉള്‍പ്പടെ പല ഹാര്‍ഡ്‌വെയറുകള്‍ക്കും ഉള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പിന്തുണയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം. പഴയ ഹാര്‍വെയറുകള്‍ ഉപയോഗിക്കാനുള്ള പലവിധ പ്രതിവിധികള്‍ ഒരുപാട് പേര്‍ ചെയ്തിട്ടുണ്ട്. വിപണിയില്‍ നിന്ന് അപ്രത്യക്ഷമായ മോഡലുകള്‍ക്ക് വരെ ചില അവസരങ്ങളില്‍ പിന്തുണ ലഭിക്കുന്നുണ്ട്. അത്തരം പ്രതിവിധികള്‍ ഡെബിയന്‍, ഉബുണ്ടു, ആര്‍ച്ച് ലിനക്സ് തുടങ്ങിയയുടെ ഉപയോക്തൃഫോറത്തില്‍ നിന്നും അവരുടെ തന്നെ വെബ് സൈറ്റിലെ മറ്റ് ലേഖനങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. എന്നാല്‍ പുതിയ ഒരു ഹാര്‍ഡ്‌വെയര്‍ വാങ്ങുമ്പോള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പിന്തുണ ഉള്ളത് തന്നെ തിരിച്ചറിയുന്നതും തിരഞ്ഞെടുക്കുന്നതും ആണ് പ്രധാനം. കേരള സര്‍ക്കാര്‍ ഉള്‍പ്പടെ പല സര്‍ക്കാരുകളും ഔദ്യോഗികമായി തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് നീങ്ങിയത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പിന്തുണ ഉള്ള സാധനങ്ങള്‍ വിപണിയിലെത്തിക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ലാപ്പ്ടോപ്പോ പ്രിന്ററോ വാങ്ങുമ്പോള്‍ ഗ്നൂ/ലിനക്സില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്താവുന്നതാണ്. ഒന്നുകില്‍ ഉപയോഗിക്കുന്നവരോട് ചോദിച്ചറിയാം അല്ലെങ്കില്‍ പ്രവര്‍ത്തനം കണ്ട് ബോധ്യപ്പെട്ട് വാങ്ങാം. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പിന്തുണ ഉള്ള സാധനങ്ങള്‍ പ്രത്യേകം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വരെ തിരുവനന്തപുരം എറണാകുളം തുടങ്ങിയ നഗരങ്ങളില്‍ ഉണ്ട്. അതായത് കാര്യങ്ങള്‍ പഴയതുപോലെയല്ല. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തുടങ്ങാന്‍ ഇനി അധികം പ്രയാസപ്പെടേണ്ടതില്ല.

ഇത്രയും പറഞ്ഞത് ഊര്‍ജ്ജ ഉപയോഗവും സ്വാതന്ത്ര്യവും സങ്കേതികതയും മുന്‍നിര്‍ത്തിയുള്ള ചില വീക്ഷണങ്ങളാണ്. എന്നാല്‍ ഇതുകൂടാതെ നല്ലൊരൊളവില്‍ പ്ലാസ്റ്റിക്ക് കടലാസ് മാലിന്യങ്ങള്‍ കുറയ്ക്കാനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സഹായിക്കുന്നു. മിക്ക സോഫ്റ്റ്‌വെയറുകളും സിഡികളിലോ ഡിവിഡികളിലോ ആണ് വരുന്നത്. അതല്ലാതെ കിട്ടിയാലും പ്രോപ്രൈറ്ററി ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ചിലപ്പോ അവയെ സിഡിയിലോ ഡിവിഡിയിലോ ആക്കിയേ മതിയാവൂ. പഴയ വേര്‍ഷന്‍ മാറി പുതിയത് വരുമ്പോ മിക്കപ്പോഴും പഴയ ഡിസ്ക്ക് ഉപയോഗശൂന്യമായിത്തീരുകയും ചെയ്യും. ഒരോ വര്‍ഷവും ലക്ഷകണക്കിന് സിഡികളും ഡിവിഡികളും ആണ് ഉപയോഗശൂന്യം എന്ന് പറഞ്ഞ് ഇത്തരത്തില്‍ തള്ളേണ്ടി വരുന്നത്. അതുകൂടാതെ ഈ ഡിസ്ക്കുകളില്‍ മിക്കതും വിപണിയിലെത്തുന്നത് ഒരുപാട് വര്‍ണ്ണകടലാസുകളില്‍ പൊതിഞ്ഞാണ്. അതുണ്ടാക്കുന്ന മാലിന്യങ്ങളും അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി ഇല്ലാതാക്കുന്ന മരങ്ങളേയും തള്ളിക്കളയാനാവില്ല. അതേ സമയം ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തുടങ്ങാന്‍ ഇത്തരത്തില്‍ ഒരു സിഡിയുടെയോ ഡിവിഡിയുടേയോ സഹായം ഒരു നിര്‍ബന്ധമേ അല്ല. സൌകര്യം പോലെ പെന്‍ഡ്രൈവിലോ മെമ്മറി കാര്‍ഡിലോ ഹാര്‍ഡ് ഡിസ്കിലോ എവിടെ വേണേലും സൂക്ഷിക്കാം, കൊണ്ട് നടക്കാം, അവിടന്ന് തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുകയും ആവാം. അത് കൈമാറുന്നതിനോ പകര്‍ത്തുന്നതിനോ ഒന്നും ഒരു തടസവുമില്ല. അതായത് കൂടുതല്‍ എളുപ്പത്തില്‍ കുറഞ്ഞ ചിലവില്‍ നിങ്ങള്‍ക്ക് അത് സ്വന്തമാക്കാം. സിഡികള്‍ പോലെ ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന(Disposable) പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിക്കാം.

അപ്പോ ഇനി എന്ത് തന്നെയാലും പുതിയ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് മാറണം. പഠിക്കാനും ശീലിക്കാനും അല്പം സമയം കണ്ടെത്തുകയും വേണം. അല്പം മനസ്സ് വെക്കുകയും കൂടി ചെയ്താല്‍ സ്ഥിരമായ പിന്തുണ ഉറപ്പ് വരുത്താവുന്ന, നമ്മുടെ വരുതിയില്‍ നില്‍ക്കുന്ന, പ്രകൃതി സംരക്ഷണത്തിന് ഉദകുന്ന ഒരു രീതിയിലേക്ക് മാറുന്നതല്ലേ കൂടുതല്‍ നല്ലത്?