പുതുമകളുമായി ഉബുണ്ടു 14.04 എല്‍ടിഎസ് ട്രസ്റ്റി താര്‍

അൽഫാസ് എസ് റ്റി under വാർത്ത on 18 ഏപ്രിൽ, 2014

ഈ ഏപ്രിലിലും ഉബുണ്ടുവിന്റെ പുതിയ പതിപ്പിറങ്ങി. ട്രസ്റ്റി താര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പതിപ്പ് ദീര്‍ഘകാല പിന്തുണ (എല്‍ടിഎസ്) പ്രദാനം ചെയ്യുന്ന ഒന്നാണ്. എല്ലാ ആറു മാസത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്ന സോഫ്റ്റ്‌വെയറുകളിലും വേര്‍ഷന്‍ നമ്പറിലും മാത്രം പുതുമയോടെ എത്തുന്ന പതിവില്‍ നിന്നും വ്യത്യസ്തമാണ് ട്രസ്റ്റി താര്‍. 12.04, 13.10 പതിപ്പുകളില്‍ നിന്നും താറിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.

ഉബുണ്ടു 14.04 ലൈവ് റണ്‍.

പ്രതീക്ഷിച്ച പോലെ യൂണിറ്റി 8 ഈ പതിപ്പിലും ഇല്ല. ഫോണ്‍ - ടാബ് - ഡെസ്ക്ടോപ്പ് സമന്വയ സാങ്കേതികവിദ്യയാണ് യൂണിറ്റി 8ന്റെ പ്രത്യേകത. ഉബുണ്ടു 14.10 മുതല്‍ യൂണിറ്റി 8 ലഭ്യമാകുമത്രേ. എന്നാല്‍ ട്രസ്റ്റിയില്‍ ഇതിന്റെ പ്രിവ്യൂ കാണാനുള്ള സൗകര്യമുണ്ട്. ട്രസ്റ്റിയില്‍ ലോഞ്ചറിലെ ഐകണില്‍ ക്ലിക്ക് ചെയ്താല്‍ മിനിമൈസ് ആവും. ഗ്നോം ക്ലാസിക്ക്, കെഡിഇ തുടങ്ങി ഇതര ഡെസ്ക്ടോപ്പുകളിലുള്ള ഈ സൗകര്യം യൂണിറ്റിയില്‍ ഇപ്പോഴാണ് ലഭ്യമാവുന്നത്. മാക് ഓഎസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് യൂണിറ്റില്‍ ഉള്‍പ്പെടുത്തിയ ഗ്ലോബല്‍ മെനു, ലോക്കല്‍ മെനുവായും രൂപാന്തരം പ്രാപിക്കും എന്നതാണ് ട്രസ്റ്റിയിലെ മറ്റൊരു പുതുമ. മാക്സിമൈസ് ചെയ്യാത്തപ്പോള്‍ മെനു ടൈറ്റില്‍ ബാറില്‍ വരുന്ന വിദ്യയാണ് ലോക്കലി ഇന്റഗ്രേറ്റ് മെനു എന്ന ലിം.

റെറ്റിന മാക്ബുക്ക് പോലെയുള്ള ഹിഡ്പി (HiDPI) സ്ക്രീനുകളില്‍ ഇനി മുതല്‍ തെളിമയാര്‍ന്ന ഉബുണ്ടു ലഭ്യമാവും. ലോഗിന്‍ സ്ക്രീന്‍ പോലെ കാണാന്‍ ഭംഗിയുള്ള ലോക്ക് സ്ക്രീനുമുണ്ട് ട്രസ്റ്റിയില്‍. എന്നാല്‍ ഗ്നോമിന്റെ പുതിയ പതിപ്പായ 3.12 റെപ്പോസിറ്ററിയില്‍ സ്വതേ ലഭ്യമാവില്ല. റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് പിപിഎ വഴി ഗ്നോം 3.12 ഇന്‍സ്റ്റാള്‍ ചെയ്യാം. സൂക്ഷിച്ച് നോക്കിയാല്‍ സമ്പര്‍ക്കമുഖത്തില്‍ പലപല ചെറിയ മാറ്റങ്ങളും കാണാം. മുമ്പേ നിര്‍ത്തലാക്കിയതിനാല്‍ ഉബുണ്ടു വണ്‍ ക്ലൈന്റ് താറില്‍ സ്വതേ ലഭ്യമാവില്ല. വെബ് ആപ്പ്സ് ഫയര്‍ഫോക്സിനോ ക്രോമിനോ പകരം പുതിയൊരു ബ്രൗസര്‍ ഇന്റര്‍ഫേസില്‍ തുറന്നു വരും എന്ന പ്രത്യേകതയും ട്രസ്റ്റിയിലുണ്ട്.

ലിനക്സ് മിന്റിന്റെ ഡെസ്ക്ടോപ്പുകളിലൊന്നായ മേറ്റ് ഈ പതിപ്പ് മുതല്‍ ഉബുണ്ടു റെപ്പോയില്‍ സ്വതേ ലഭ്യമാവും. സിന്നമണ്‍ 13.10 മുതലേ ലഭ്യമായിരുന്നു. യൂണിറ്റിയോട് അലര്‍ജിയുള്ളവര്‍ക്ക് ഗ്നോം 3യോടു കൂടിയ ഉബുണ്ടു ഗ്നോം, കെഡിഇയോടൊപ്പം എത്തുന്ന കുബുണ്ടു, എക്സ്എഫ്സിഇ ഡെസ്ക്ടോപ്പിലെത്തുന്ന സുബുണ്ടു, എല്‍എക്സ്ഡിഇയോടു കൂടിയ ലുബുണ്ടു, ചൈനീസ് സംസാരിക്കുന്നവര്‍ക്കുള്ള ഉബുണ്ടുകൈലിന്‍, സെര്‍വര്‍ കമ്പ്യൂട്ടറുകള്‍ക്കായി ഉബുണ്ടു സെര്‍വര്‍, ക്ലൗഡ് ആവശ്യങ്ങള്‍ക്കായി ഉബുണ്ടു സെര്‍വര്‍ ഫോര്‍ ക്ലൗഡ് എന്നിവയും ലഭ്യമാണ്.

ഉബുണ്ടുവിന്റെ ലൈവ് ഇമേജ് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം.. മറ്റു വിതരണങ്ങളുടെ ഡൗണ്‍ലോഡ് വിവരങ്ങള്‍ ഇവിടെ കാണാം. ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് കാനോനിക്കല്‍ ഷോപ്പില്‍ നിന്ന് ഡിവിഡി വാങ്ങുകയും ചെയ്യാം.